d

കാളികാവ്:ചെളിക്കുളമായ ചോക്കാട് ഉദിരംപൊയിൽ മൈതാനം ഇക്കൊല്ലം സൂപ്പറാകും. സംസ്ഥാന സർക്കാരിന്റെ കളിക്കളം പദ്ധതിയിൽ ഉൾപെടുത്തിയാണ് നവീകരണം . ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം നയമാണ് നടപ്പാക്കുന്നത്. മുപ്പത് വർഷമായി നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ച മൈതാനം വേനൽ കാലത്തിന്റെ അവസാന രണ്ടു മാസം മാത്രമാണ് കളിക്കാൻ പറ്റിയിരുന്നത്. ഈ മൈതാനത്തിന്റെ പൂർണ്ണ തോതിലുള്ള നവീകരണത്തിന് ഈ വർഷം 80 ലക്ഷം രൂപ അനുവദിച്ചു. എം. എൽ.എ അനിൽ കുമാറിന്റെ ഫണ്ടിൽ നിന്ന് 40 ലക്ഷവും സ്പോർട്സ് കൗൺസിൽ ഫണ്ടിൽ നിന്ന് 40 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. നേരത്തെ ആര്യാടൻ മുഹമ്മദ് എംഎൽ എ ആയിരുന്ന കാലത്തും മൈതാന നവീകരണത്തിന് ഫണ്ട് ലഭിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ,ഗ്രാമ പഞ്ചായത്ത്,​ ജില്ലാ പഞ്ചായത്ത് എന്നിവയിൽ നിന്നും ചെറിയ ഫണ്ടുകൾ അനുവദിച്ചിരുന്നു. എന്നാൽ മൈതാനം ഉപയോഗപ്പെടുത്താനായില്ല.മഴക്കാലമായാൽ മുട്ടോളം വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമാണിത്.

ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വർഷ പദ്ധതിയിൽ നിന്ന് ലഭിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് മൈതാനത്തിന്റെ നാലു ഭാഗവും സംരക്ഷണ ഭിത്തി നിർമ്മിച്ചു. ഇനിമൈതാനത്തിൽ മണ്ണ് നിറക്കലും ഇരിപ്പിട നിർമ്മാണവുമാണ് നടത്താനുള്ളത്.അനുവദിച്ച ഫണ്ടുകളുടെ തുടർ നടപടികൾ പൂർത്തിയാക്കി നടപ്പു വർഷം തന്നെ നിർമ്മാണം തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.