lllll

മലപ്പുറം: കരിപ്പൂർ വിമാനത്താവളം റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തികൾക്ക് ആവശ്യമായ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി നീളുന്നു. മണ്ണെടുക്കാൻ 75 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും 16 ഇടങ്ങളിൽ മാത്രമാണ് സ്റ്റേറ്റ് എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. ഇവയുടെ ലിസ്റ്റ് ഒരുമാസം മുമ്പ് ജില്ലാ ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ട്.

കൊണ്ടോട്ടി, മൊറയൂർ, കുഴിമണ്ണ, പുൽപ്പറ്റ, വാഴക്കാട്, ചീക്കോട്, പൂക്കൊളത്തൂർ, മുതുവല്ലൂർ, പൂക്കോട്ടൂർ, ചെറുകാവ്, പുളിക്കൽ, വിളയിൽ, മുണ്ടക്കൽ, ഓമാനൂർ, കക്കാട്, ചെറുവായൂർ എന്നിവിടങ്ങളാണ് മണ്ണെടുക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ജിയോളജിസ്റ്റ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെത്തി സ്ഥലം പരിശോധിക്കണം. എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയിൽ നിന്ന് ലഭിച്ച രേഖകൾ കൃത്യമാണോ എന്നത് പരിശോധിക്കും. മണ്ണെടുക്കുന്ന സ്ഥലത്തിന് 50 മീറ്റർ ദൂരപരിധിയിലുള്ളവരുടെ സമ്മതവും ആവശ്യമാണ്. പാരിസ്ഥിത പ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയും പരിശോധിക്കും.

വേണ്ടത് 35 ലക്ഷം ക്യൂബിക്
35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് റെസ വികസനത്തിന് ആവശ്യമായി വരുന്നത്. റെസ വികസനത്തിനായി ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയും എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കി വേലി സ്ഥാപിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ റൺവേയുടെ രണ്ടറ്റങ്ങളിലേയും സുരക്ഷാ മേഖലയായ റെസ നീളം വർദ്ധിപ്പിക്കുന്ന പദ്ധതിയാണിത്. 2020 ആഗസ്റ്റ് ഏഴിന് 21 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് ശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള സർവീസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. അപകട കാരണങ്ങളും സുരക്ഷയും പരിശോധിക്കാൻ രൂപവത്ക്കരിച്ച സമിതിയുടെ നിർദ്ദേശ പ്രകാരമാണ് 90 മീറ്ററിൽ നിന്ന് 240 മീറ്ററായി റെസ ഉയർത്തുന്നത്.

റെസയുടെ നീളം വർദ്ധിപ്പിക്കുന്നതിനുള്ള മണ്ണെടുക്കാനായി എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയിൽ ലഭിച്ച പ്രദേശങ്ങൾ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഉടനെ സന്ദർശിക്കും. പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കാനാണ് ജിയോളജി വകുപ്പും പരിശ്രമിക്കുന്നത്.
ജില്ലാ ജിയോളജി വകുപ്പ് അധികൃതർ