 
കാളികാവ് : ഒരു ഗ്രാമത്തിന്റെ ജലസ്രോതസ്സായ തടയണ തകർന്നിട്ട് ആറാണ്ട് കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം. തകർന്ന തടയണ നന്നാക്കാതെ അരിമണൽ പാലത്തിനു താഴെ തടയണ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ.
കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടി തടയണ 2018ലെ മലവെള്ളപ്പാച്ചിലിലാണ് തകർന്നത്. ഇതോടെ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത്. അര നൂറ്റാണ്ട് മുമ്പ് ജലസേചനത്തിനും കുടിവെള്ളത്തിനുമായി അരിമണൽ പുഴയ്ക്ക് കുറുകെ നിർമ്മിച്ചതായിരുന്നു ഈ കരിങ്കൽ തടയണ. 2018ൽ തടയണയുടെ ഒരുഭാഗം തകർന്ന് പുഴ ഗതിമാറി ഒഴുകിയിരുന്നു. ഇത് തൊട്ടടുത്ത കൃഷിഭൂമിക്കും കനത്ത നാശ നഷ്ടമുണ്ടാക്കി.
ചെങ്കോട് അടക്കാക്കുണ്ട് ഭാഗങ്ങളിലെ കൃഷിയാവശ്യത്തിന് വേണ്ടി ഈ ചിറയിൽ നിന്നാണ് നേരത്തെ തോട് നിർമ്മിച്ച് വെള്ളം കൊണ്ടുപോയിരുന്നത്.പിന്നീട് കൃഷിയാവശ്യം ഇല്ലാതായെങ്കിലും നാടിന്റെ കുടിനീർ പ്രശ്നം പരിഹരിച്ചിരുന്നത് ഈ തടയണയായിരുന്നു.
ഇതിനിടെ, ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നിർമ്മിക്കുന്ന വ്യവസായ പാർക്കിനു വേണ്ടി 50 ലക്ഷം രൂപ ചെലവിൽ മറ്റൊരു തടയണ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ഇതിനുള്ള നടപടി നടന്നു വരികയാണ്.ഇതിനെതിരെയാണ് നാട്ടുകാർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.
അനിവാര്യം
സമൃദ്ധമായ ജലാശയത്തിൽ കുളിക്കാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനുമായി ദൂര സ്ഥലങ്ങളിൽനിന്നു പോലും ആളുകളെത്തിയിരുന്നു.
ഇപ്പോൾ തടയണയിൽ ഒരു കുടം വെള്ളം പോലും കെട്ടി നിറുത്താൻ പറ്റാത്തതിനാൽ നാട്ടുകാരുടെ കിണറുകൾ മുഴുവൻ വറ്റി വരണ്ടു.
വേനൽക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാർ കടുത്ത പ്രയാസം നേരിടുന്നുണ്ട്.
തടയണ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
അരിമണലിൽ പുതുതായി നിർമ്മിക്കുന്ന തടയണയ്ക്കു പകരം കുറക്കനങ്ങാടിയിലെ തകർന്ന തടയണ പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ അപേക്ഷ നൽകിയിട്ടുണ്ട്
ബ്ലോക്ക് അധികൃതർ