d

മലപ്പുറം: കണ്ണൂരിലെ പ്രഗത്ഭനായ ഒരു സി.പി.എം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രംഗത്തുണ്ടെന്ന് പി.വി.അൻവർ. സി.പി.എമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ യോഗത്തിൽ തയ്യാറാകുന്നത് പാർട്ടിയുടെ എൻജിൻ മാത്രമാണ്. ബോഗികൾ പിന്നാലെ വരും. കേരളം മുഴുവൻ രണ്ട് റൗണ്ട് കറങ്ങുമ്പോൾ ബോഗികൾ പൂർണമാകും.

പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജനങ്ങളോടുള്ള അന്യായമായ പീഡനത്തിനെതിരെ ടൂ വീലേഴ്സ് റൈഡേഴ്സ് അസോസിയേഷൻ രൂപീകരിച്ച് അതിന് പ്രൊട്ടക്ഷ‌ൻ ഫോറം ഉണ്ടാക്കാനുള്ള തീരുമാനവും ഞായറാഴ്ചത്തെ യോഗത്തിൽ പറയും. ഇത്തരത്തിൽ സർക്കാർ അഭിസംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങൾ പുതിയ പാർട്ടി ചർച്ച ചെയ്യും.

പി.ശശിയുടെ വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ല. കിട്ടിയാൽ മറുപടി പറയാം. പി.ആർ ഏജൻസി പറയുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖർ പി.ശശിയും എ.ഡി.ജി.പി എം.ആർ.അജിത് കുമാറുമാണ്. എ.ഡി.ജി.പി കൂടുതൽ സമയവും ഇരിക്കുന്നത് ശശിയുടെ ഓഫീസിലാണ്. എ.ഡി.ജി.പിയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് നാടകമാണ്. സസ്‌പെൻഷനാണ് വേണ്ടത്. പാർട്ടിയും സർക്കാരും എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്.