മലപ്പുറം: ജില്ലയിലെ പോളിടെക്നിക് കോളേജ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ് - കെ.എസ്.യു മുന്നണിയുടെ (യു.ഡി.എസ്.എഫ്) ആധിപത്യം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് പോളിടെക്നിക്കുകളിൽ നാലെണ്ണവും യു.ഡി.എസ്.എഫ് സ്വന്തമാക്കി. നാല് ഗവ.പോളിടെക്നിക്കുകളിൽ മൂന്നെണ്ണവും യു.ഡി.എസ്.എഫിനൊപ്പം നിന്നു. തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്നിക്കിൽ എസ്.എഫ്.ഐക്ക് യൂണിയൻ പിടിച്ചെടുക്കാനായി. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് യൂണിയൻ ഭരണം 52 വർഷത്തിന് ശേഷം എസ്.എഫ്.ഐയിൽ നിന്നും യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. കോട്ടക്കൽ ഗവ. വനിത പോളിടെക്നിക് കോളജ് യു.ഡി.എസ്.എഫ് മുന്നണി എസ്.എഫ്.ഐയിൽ നിന്നും പിടിച്ചെടുത്തു. തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ്, മഞ്ചേരി ഗവ. പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലും യു.ഡി.എസ്.എഫ് മുന്നണി വിജയം ആവർത്തിച്ചു. തുടർച്ചയായി അഞ്ചാം തവണയാണ് മഞ്ചേരി പോളിയിൽ യു.ഡി.എസ്.എഫ് മുന്നണി വിജയിക്കുന്നത്.
തകർത്തത് നൂറ്റാണ്ടിന്റെ കുത്തക
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പോളിടെക്നിക് കോളേജിലെ ചെങ്കോട്ട തകർത്ത് യു.ഡി.എസ്.എഫ് മുന്നണിക്ക് പോളി ക്യാമ്പസ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം. ഇന്നലെ നടന്ന ക്യാമ്പസ് തിരഞ്ഞെടുപ്പിൽ 52 വർഷം ക്യാമ്പസ് ഭരണം കൈയാളിയിരുന്ന എസ്.എഫ്.ഐയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എസ്.എഫ് വിജയിച്ചത്. കെ.ടി. മുഹമ്മദ് സൽമാൻ (ചെയർമാൻ), പി.മുഹമ്മദ് യാസിർ (വൈസ് ചെയർമാൻ), കെ.പി.ഫാത്തിമ ഫിദ (വൈസ് ചെയർമാൻ -വനിത), മുഹമ്മദ് ജാസിൻ (ജനറൽ സെക്രട്ടറി), പി.ധനുഷ് (ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവരാണ് ചരിത്ര വിജയം നേടിയത്. യു.ഡി.എസ്.എഫിന്റെ വിദ്യാർത്ഥികൾ പെരിന്തൽമണ്ണയിൽ വിജയ ആഹ്ലാദ പ്രകടനം നടത്തി.
വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത്
മലപ്പുറം: പോളിടെക്നിക് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എം.എസ്.എഫിന് ലഭിച്ച തിളക്കമാർന്ന വിജയം എൽ.ഡി.എഫ് സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐയുടെ ജനാധിപത്യ അയിത്തത്തിനെതിരെയുമുള്ള വിധിയെഴുത്താണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ് പറഞ്ഞു.