
കാളികാവ്: പാറക്കടവുകാരുടെ ഏക ആശ്രയമായിരുന്ന നടപ്പാലം തകർന്നിട്ട് ആറു വർഷം. കാളികാവ് -തുവ്വൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി അരിമണൽ പുഴയ്ക്ക് കുറുകെ പാറക്കടവിൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലമാണ് ഉപയോഗ ശൂന്യമായത്. കോൺക്രീറ്റ് പാലത്തിൽ കയറാൻ സ്ഥാപിച്ച താത്‌കാലിക കവുങ്ങുപാലവും തകർന്നു. 2018ൽ ഉണ്ടായ പ്രളയത്തിൽ പാലത്തിന്റെ ഒരു ഭാഗത്തുള്ള അപ്രോച്ച് റോഡ് പാടെ ഒലിച്ചു പോയി. ഇതോടെ പാലത്തിൽ കയറാൻ മാർഗ്ഗമില്ലാതായി. ഇതിനു പരിഹാരമായി പാലത്തിൽ കയറാൻ നാട്ടുകാർ കെട്ടിയുണ്ടാക്കിയ കവുങ്ങ് പാലവും ഇപ്പോൾ തകർന്നു.
ജനങ്ങളുടെ യാത്രാസൗകര്യം പുനഃസ്ഥാപിക്കുന്നതിനായി ഒട്ടേറെ പരാതികളും നിവേദനങ്ങളും നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പുഴയുടെ വശങ്ങളിൽ സംരക്ഷണഭിത്തിയും പാലത്തിൽ കയറാനുള്ള സൗകര്യവും അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.പാലത്തിന്റെ ഒരു ഭാഗത്തെ സംരക്ഷണ ഭിത്തി ഒലിച്ചു പോയതിനാൽ പുഴ ഗതിമാറി ഒഴുകിയതാണ് പാലം ഉപയോഗ ശൂന്യമാകാൻ കാരണം.
എളുപ്പമാർഗ്ഗം
2009ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ നടപ്പാലം നിർമ്മിച്ചത്.
തുവ്വൂർ പാറക്കടവിൽ നിന്നും കാളികാവ് ഈനാദിയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ളതാണ് ഈ നടപ്പാലം.
കാളികാവ് , പുല്ലങ്കോട് എന്നിവിടങ്ങളിലെ ഹയർസെക്കൻഡറികളിലേക്കുള്ള വിദ്യാർത്ഥികളും കാളികാവ് ടൗണിലേക്കുള്ള ജനങ്ങളും ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
നേരത്തെ പാറക്കടവിൽ നിന്ന് കരുവാരക്കുണ്ട് പതിനൊന്നാം മൈൽ വഴി അരിമണൽ ഈനാദി വഴി ചുറ്റി കാളികാവിലെത്താൻ ആറു കിലോമീറ്ററോളം സഞ്ചരിക്കണം . എന്നാൽ പാലം കടന്നാണെങ്കിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഈനാദിയിലെ സ്റ്റേറ്റ് ഹൈവെയിലെത്താനാവും .