
പൊന്നാനി: പൊന്നാനിയിൽ ബിയ്യം കായൽ പരിസരം അടിമുടി മാറുകയാണ്. പുളിക്കകടവ് തൂക്കുപാലം പരിസരവും ബിയ്യം റെഗുലേറ്റർ ബ്രിഡ്ജ് പരിസരവും ഒരേസമയം വലിയ ടൂറിസം സാധ്യതകളിലേക്ക് മിഴിതുറക്കുകയാണ്. നിലവിൽ പുളിക്കകടവ് തൂക്കുപാലവും സമീപ പ്രദേശങ്ങളും ഡി. ടി.പി. സി പൊന്നാനി നഗരസഭക്ക് വിട്ട് നൽകിയിരുന്നു. ഇതോടെ തൂക്കുപാലത്തിന്റെ അറ്റകുറ്റപണികളും ഒപ്പം സമീപത്തെ കൂടുതൽ നവീകരണ പ്രവൃത്തികളും കൂടുതൽ ഊർജിതമായി.
നിലവിൽ ഇവിടെ വലിയ പദ്ധതികളാണ് നഗരസഭ മുൻകയ്യെടുത്ത് നടപ്പാക്കാൻ ഒരുങ്ങുന്നത്. റോപ് വേ, കയാക്കിംഗ്, വാട്ടർ സ്‌കൂട്ടർ തുടങ്ങിയ ടൂറിസം പദ്ധതികൾ ബിയ്യം കായലിനോട് ചേർന്ന് നടപ്പാക്കാൻ ഉദേശിക്കുന്നുണ്ട്. പൊന്നാനി നഗരസഭ കായലിൽ ബോട്ട് സർവീസ് കൂടി നടപ്പാക്കിയാൽ അതും സഞ്ചാരികളെ ആകർഷിക്കാൻ സഹായകമാകും. ഈ പദ്ധതിക്ക് വേണ്ടി നഗരസഭ കൗൺസിൽ അംഗീകാരം നൽകി കഴിഞ്ഞു. ഒന്നര കോടി രൂപയുടെ പദ്ധതികളാകും ഇവിടെ നടപ്പാക്കുകയെന്നാണ് പൊന്നാനി നഗരസഭ സെക്രട്ടറി സജിറൂൺ പറഞ്ഞത്. കുട്ടികൾക്കുള്ള പൂൾ. മിനി പാർക്ക് ഒപ്പം തൂക്കുപാലം മുഴുവനായി ലൈറ്റിംഗ് സംവിധാനം നടപ്പാക്കി ആകർഷകമാക്കുക എന്നിവയും ഇതോടൊപ്പം ഇവിടെ യഥാർഥ്യമാകും. പൂർത്തിയായി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും
ബിയ്യം റെഗുലേറ്റർ ബ്രിഡ്ജ് പരിസരത്തോട് ചേർന്ന് മുൻ പൊന്നാനി ലോക്സഭ മണ്ഡലം എം. പി. ഈ. ടി. മുഹമ്മദ് ബഷീറിന്റെ ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ ചിലവഴിച്ചു ഓപ്പൺ ജിംനേഷ്യം വരുന്നുണ്ട്. ഒരുപാട് പേർ വരുന്ന ഇവിടെ ഓപ്പൺ ജിംനേഷ്യം കൂടി വരുന്നതോടെ ബിയ്യം കായൽ പരിസരം കൂടുതൽ സജീവമാകും. പുളിക്കകടവ് തൂക്കുപാലം കേന്ദ്രീകരിച്ചും ബിയ്യം റെഗുലേറ്റർ ബ്രിഡ്ജ് കേന്ദ്രീകരിച്ചും ചെറുകിട ലഘു ഭക്ഷണശാലകൾ കൂടുതലായി നടപ്പാക്കിയാൽ അതും കുറച്ച് പേർക്ക് വരുമാനമാർഗ്ഗമാകും. ഇതോടൊപ്പം നാളുകളായി തകർന്ന് കിടന്നിരുന്ന ബിയ്യം പാർക്ക് നിലവിൽ അഞ്ചു ലക്ഷം രൂപയോളം ചിലവഴിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നവീകരിക്കുന്നുണ്ട്. കർമ്മ റോഡിനോട് ചേർന്ന് നടപ്പാക്കി വരുന്ന നിളഹെറിറ്റേജ് മ്യൂസിയവും നിലവിൽ അവസാനഘട്ട പണികളിലാണ്.
പരിമിതികളും ഏറെ
പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം ഒരർത്ഥത്തിൽ വലിയ ടൂറിസം സാധ്യതകളാണ് പൊന്നാനിക്ക് മുന്നിൽ തുറന്നിടുന്നത്. എന്നാൽ ഇങ്ങോട്ട് വരാനുള്ള വഴി നാളുകളായി തകർന്ന് കിടക്കുന്നതു വെയിലും മഴയും കൊള്ളാതെ നിൽക്കാൻ നിലവിൽ സൗകര്യം ഇല്ലാത്തതും ഒരു പരിമിതിയായി നിലകൊള്ളുന്നു. ഇവയെല്ലാം പൂർണതയിൽ എത്തുന്നതോടെ ഇവിടേക്ക് ടൂറിസ്റ്റുകൾ കൂടുതലായി വന്നെത്തും.
ഇതിനിടയിൽ വലിയ പ്രതീക്ഷയിൽ വന്ന പൊന്നാനി കർമ്മ റോഡിലെ ബോട്ട് സർവീസ് പലതും നിശ്ചലമായ അവസ്ഥയിലാണ്. കൃത്യമായ സുരക്ഷാ മാനദന്ധം ഇല്ലാതെ പ്രവർത്തിച്ചതിനാൽ പല ബോട്ടുകൾക്കും നിലവിൽ സർവീസ് നടത്താൻ അനുമതി ലഭിക്കുന്നില്ല. അവധി ദിവസങ്ങളിലും മറ്റും കർമ്മ റോഡിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് മൂലം കിലോമീറ്ററുകൾ ദൂരം വാഹനങ്ങൾ പലപ്പോഴും കാത്ത്‌കെട്ടി കിടക്കുന്നുണ്ട്. ഭാരവാഹനങ്ങൾ ഇത് വഴി കടത്തി വിടില്ലെന്ന അധികൃതരുടെ വാക്കുകൾ ഇപ്പോഴും ഈ പാതയിൽ പാലിക്കപ്പെടുന്നില്ല. വലിയ ചരക്ക് വാഹനങ്ങൾ നിലവിൽ ഇത് വഴി ഗതാഗതം നടത്തുന്നത് മൂലം ഗതാഗത കുരുക്കും ഉണ്ടാകുന്നു. അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ കാര്യമായ നടപടികൾ ഇല്ലാത്തതും ഇവിടെ അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
ഒരുപാട് പേർ നിത്യേന എത്തുന്ന ഇടമാണ് ബിയ്യം റെഗുലേറ്റർ പരിസരം. വ്യായാമത്തിനായി നിത്യേന ഇവിടെ എത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് ഓപ്പൺ ജിംനേഷ്യം ആരംഭിക്കുന്നത്. കൂടുതൽ ജനകീയമായി ഈ ഇടം മാറുന്നതോടൊപ്പം ആളുകളുടെ ആരോഗ്യസംരക്ഷണം കൂടി ഉറപ്പാക്കാൻ സാധിക്കും.
ഫർഹാൻ ബിയ്യം
ഊട്ടി ലേക്ക് മോഡൽ പദ്ധതികളാണ് നിലവിൽ പൊന്നാനി ബിയ്യം കായൽ പരിസരത്തോട് ചേർന്ന് നടപ്പാക്കാൻ പോകുന്നത്. സാഹസിക ടൂറിസത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ ഇവിടെ കൊണ്ട് വരും .പഴയ ബോട്ട് ജെട്ടി അടക്കമുള്ളവ പൊളിച്ചു പണിയുന്ന പ്രവൃത്തികളും പുളിക്കടവ് കേന്ദ്രീകരിച്ചു യാഥാർത്ഥ്യാമാകും.
ശിവദാസ് ആറ്റുപുറം.
നഗരസഭ ചെയർമാൻ