
മലപ്പുറം: കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളത്തരത്തിന്റെ ആളെന്ന് മാദ്ധ്യമങ്ങൾ നേരത്തെ പറഞ്ഞ പി.വി.അൻവർ ഇപ്പോൾ ഏറ്റവും മഹാനും ഹീറോയുമായി മാറിയതെങ്ങനെയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറിന്റെ കക്കാടം പൊയിൽ പാർക്ക് നിർമ്മാണമൊക്കെ മാദ്ധ്യമങ്ങൾ മറന്നു. സാമൂഹ്യ തുല്യതയുടെ അവസരമാണ് കമ്യൂണിസ്റ്റ് പാർട്ടി ലഭ്യമാക്കുന്നത്. സത്യത്തിനൊപ്പമാണ് നിലകൊള്ളുന്നത്. ചരിത്രത്തിലാദ്യമായി ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി കൃഷിഭൂമി കർഷകന് കൊടുത്ത് 96 ശതമാനം മനുഷ്യർക്കും വീടും മണ്ണുമുള്ള ലോകത്തെ ഏക സ്ഥലമാക്കി കേരളത്തെ മാറ്റിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മലയാളിക്ക് വളർച്ചയുടെ ഓരോ ചുവടും ആത്മവിശ്വാസത്തോടെ നൽകിയ പ്രസ്ഥാനമാണിത്. മികച്ച സാർവത്രിക പൊതുവിദ്യാഭ്യാസ സംവിധാനം ലോകത്ത് മറ്റെവിടെയുമില്ല. കൊവിഡിന് മുന്നിൽ തോൽക്കാത്ത ലോകത്തിലെ ഏക ജനത കേരളമാണ്. ഏറ്റവും മികച്ച സാമൂഹ്യ സുരക്ഷയും പൊതുവിതരണ സംവിധാനവും കേരളത്തിലാണ്. വ്യവസായ സൗഹൃദ സംസ്ഥാന പട്ടികയിലും കേരളം ഒന്നാമതാണ്. ഏറ്റവും മികച്ച പൊലീസ് സംവിധാനവും ക്രമസമാധാന സംവിധാനവും കേരളത്തിലാണ്. ഒരു വർഗീയ വാദിക്കും ഇവിടെ തലയുയർത്തി വർഗീയ സംഘർഷം ഉണ്ടാക്കാൻ സാധിക്കില്ല. വർഗീയ ശക്തികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ തുടർ ഭരണമുണ്ടായി.
മാദ്ധ്യമപ്രവർത്തകരിൽ നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കുമൊക്കെ ഇട്ടുവരുന്നവരെ സൂക്ഷിക്കണം. അവർ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. സർക്കാരിനെതിരെ മോശം പറയാൻ ചില മാദ്ധ്യമ പ്രവർത്തകരെ ശമ്പളം കൊടുത്ത് നിർത്തിയിട്ടുണ്ട്.
നിലമ്പൂരിലെ വികസനങ്ങൾ പുത്തൻവീട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ലെന്നും മാസങ്ങളോളം ആഫ്രിക്കയിൽ പോയി കിടക്കുമ്പോഴും അൻവറിനെ സംരക്ഷിച്ചത് സാധാരണക്കാരായ സഖാക്കളാണെന്നും വിജരാഘവൻ പറഞ്ഞു.