മലപ്പുറം: ജലജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ മുഴുവൻ പേർക്കും കുടിവെള്ള ടാപ്പ് കണക്‌ഷൻ ലഭ്യമാവാൻ ഇനിയും ഒന്നര വർഷത്തോളം കാത്തിരിക്കേണ്ടി വരും. 2020-21 സാമ്പത്തിക വർഷത്തിൽ തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 2,15,069 വീടുകളിൽ മാത്രമാണ് കുടിവെള്ള കണക്‌ഷൻ നൽകിയത്. ഇനിയും 4,37,882 വീടുകളിൽ കൂടി കണക്ഷൻ നൽകാനുണ്ട്. 2024ഓടെ എല്ലാ വീടുകളിലും ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയിൽ ജില്ലയിൽ നിന്ന് 6,52,951 വീടുകളാണ് ഉൾപ്പെട്ടത്.
ഈ വർഷം ഇതുവരെ ജില്ലയിൽ ആകെ 15,281 കുടിവെള്ള കണക്‌ഷനുകളാണ് നൽകാനായത്. കഴിഞ്ഞ വർഷം അരലക്ഷത്തോളം കണക്‌ഷനുകൾ നൽകിയ സ്ഥാനത്താണിത്. ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ടാപ്പ് കണക്ഷൻ ലഭിച്ചവരുടെ എണ്ണം തീരെ കുറവാണ്. ആകെ 1,781 വീടുകളിലാണ് കണക്ഷൻ എത്തിയത്. 2025 മാർച്ച് വരെ പദ്ധതിയുടെ കാലാവധി കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ നിലവിലെ സാഹചര്യത്തിൽ ഇത് പൂർത്തിയാക്കുക എന്നത് വെല്ലുവിളിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണക്‌ഷനുകൾ നൽകാൻ അവശേഷിക്കുന്നത് മലപ്പുറത്താണ്. കൊല്ലവും തിരുവനന്തപുരവുമാണ് പദ്ധതി പൂർത്തീകരണത്തിൽ മുന്നിൽ. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ടാപ്പുകളിലൂടെ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ.
തടസം ഭൂമിയുടെ ലഭ്യത
പദ്ധതിക്കായി ഭൂമി ലഭിക്കുന്നതിലെ കാലതാമസമാണ് പ്രധാന പ്രതിസന്ധി. പലയിടങ്ങളിലും ടാങ്കുകൾ, ജല ശുദ്ധീകരണശാല എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി റോഡ് കുഴിക്കുന്നതിനുള്ള അനുമതിയും വൈകുന്നുണ്ട്. പൊതുമരാമത്ത്, ദേശീയപാതാ അതോറിറ്റി, വനം വകുപ്പ് എന്നിവയാണ് അനുമതി നൽകേണ്ടത്. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കുന്നത് നീളുന്ന സാഹചര്യത്തിൽ സെപ്തംബർ പകുതിക്ക് ശേഷം പുതിയ പ്രവർത്തികൾക്ക് കരാർ നൽകരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.