
കേരളത്തിലെ യുവതലമുറയ്ക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നതായാണ് അടുത്തിടെയുണ്ടാകുന്ന കേസുകളുടെ എണ്ണത്തിൽ നിന്നും വ്യക്തമാകുന്നത്. സിനിമാ മേഖലയിലടക്കം ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നതായാണ് പുറത്തു വരുന്ന വാർത്തകൾ. കോട്ട്പ (സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് ) പ്രകാരം ഈ വർഷം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 38,664 കേസുകളാണ്. പൊതു ഇടങ്ങളിലെ പുകവലി, 18ൽ താഴെയുള്ള കുട്ടികൾക്കിടയിൽ ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന, സ്കൂളുകളുടെ 100 മീറ്റർ പരിധിയ്ക്കുള്ളിലെ ലഹരി വിൽപ്പന, ലഹരി വസ്തുക്കളുടെ പുറത്ത് മുന്നറിയിപ്പ് വാചകം ചേർക്കാതിരിക്കുക തുടങ്ങിയ കേസുകളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുടുങ്ങുന്നത് വിദ്യാർത്ഥികൾ
ലഹരിയുടെ മായക്കാഴ്ചകളിൽ കുരുങ്ങുന്നവരിൽ ഏറെയും സ്കൂൾ കോളേജ് വിദ്യാർത്ഥികളാണെന്നതാണ് വാസ്തവം. 16 മുതൽ 22 വയസ് വരെയുള്ളവരിലാണ് ലഹരി ഉപയോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വൈ.ഷിബു പറയുന്നു. തുടക്കക്കാരെന്ന നിലയിൽ മാത്രമാണ് പലരും ഇന്ന് കഞ്ചാവ് ഉപയോഗിക്കുന്നത്. കൂടുതലായി ഉപയോഗിക്കുന്നത് ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും. മെറ്റാഫിറ്റാമിൻ, ആൽഫെറ്റാമിൻ, എൽ.എസ്.ഡി എന്നീ ന്യൂജെൻ ഡ്രഗുകളും പിടിമുറുക്കുന്നുണ്ട്.
ജിജ്ഞാസ ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന കൗമാരത്തിൽ ജീവിതത്തെ ഒരു പരീക്ഷണ ശാലയായി കാണുന്നവർ ഏറെയാണ്. ലഹരി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ചല്ല പലരും ഉപയോഗിച്ച് തുടങ്ങുന്നത്. പതിയെ ലഹരി ഉപയോഗത്തിനിടയിലെ ഇടവേളകൾ ചുരുങ്ങും. മാസത്തിൽ ഒരു തവണ ഉപയോഗിക്കുന്നതിൽ തുടങ്ങി ഒരാഴ്ചയായും അവസാനം മണിക്കൂറുകളായും മാറും.
മോചനം അസാദ്ധ്യം
ഒരു കൗതുകത്തിന് ഉപയോഗിച്ചു തുടങ്ങുന്ന ലഹരിയിൽ നിന്നു മോചനം അസാദ്ധ്യമെന്നതാണ് വാസ്തവം. ലഹരി ഉപയോഗിക്കുമ്പോൾ തലച്ചോറിൽ ഡോപമിൻ എന്ന രാസവസ്തുവിന്റെ അളവ് കൂടുന്നതോടെ മായിക ലോകത്ത് എത്തിച്ചേരുന്നവർ യഥാർത്ഥ ലോകത്ത് എത്തിച്ചേരാൻ പിന്നീട് ആഗ്രഹിക്കില്ല. ഡോപമിൻ ഉത്പാദിപ്പിക്കപ്പെടുന്നതോടെ ലഭിക്കുന്ന കിക്ക് തുടർന്നും ലഭിക്കണമെങ്കിൽ ലഹരിയുടെ അളവ് വർദ്ധിപ്പിക്കേണ്ടതായി വരും. ലഹരി ഉപയോഗം നിറുത്തിക്കഴിഞ്ഞാൽ മറ്റൊന്നിലും സുഖം ലഭിക്കാത്ത ഭ്രാന്തമായ അവസ്ഥ വരുന്നതോടെ ജീവിതത്തിലെ എല്ലാ സന്തോഷവും സുഖങ്ങളും അതിന് വേണ്ടി ത്യജിക്കുന്നു. ലഹരിയ്ക്ക് അടിമപ്പെടുന്നതോടെ എത്ര വിലകൊടുത്തും അത് വാങ്ങാൻ വരെ ഇക്കൂട്ടർ തയ്യാറാകും.
നിലവിൽ ലഹരി ശൃംഖലയിലെ ഏറ്റവും താഴേത്തട്ടിലുള്ള ഉപഭോക്താക്കൾ, ചെറുകിട ഡീലർമാർ എന്നീ നിലകളിലാണ് വിദ്യാർത്ഥികൾ കണക്കാക്കപ്പെടുന്നത്. യൂണിഫോമിട്ട ദല്ലാളുകളാണിവർ. ഫേസ്ബുക്കും വാട്സ്ആപ്പുമെല്ലാം വില്പനയ്ക്കായി ഇവർ ഉപയോഗിക്കുന്നു. സ്കൂൾ പരിസരത്തും വീടിനടുത്ത പ്രദേശങ്ങളിലുമുള്ള ഇടവഴികളിൽ നിന്നും വിദ്യാർത്ഥികളെ ലക്ഷ്യം വയ്ക്കുകയാണ് ലഹരി സംഘത്തിലെ കണ്ണികൾ.
ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളിൽ നിന്ന് വലിയ ശൃംഖലയിലേക്ക് ലഹരി ഉപയോഗം വ്യാപിപ്പിക്കുന്നതിലൂടെ ഒരു തലമുറ തന്നെ ലഹരിക്കടിമയാക്കുകയാണ് ചെയ്യുന്നത്. ഒരു തവണ ലഹരിക്കടിമപ്പെട്ടാൽ വീണ്ടും വാങ്ങാനുള്ള പണം ലഭിക്കാനായി പലരും മോഷണത്തിലേക്ക് വരെ തിരിയാറുണ്ട്. ഇതിന് സാധിക്കാതെ വരുന്നവരാണ് കാരിയർമാരായി മാറുന്നത്.
'ലഹരി വിമുക്ത കേരളം' എന്ന ലക്ഷ്യത്തോടെ സർക്കാരും എക്സൈസ് വകുപ്പും നടപ്പാക്കുന്ന പദ്ധതിയായ 'വിമുക്തി'ക്ക് കീഴിൽ എല്ലാ ജില്ലകളിലും ലഹരി വിമുക്ത സെന്ററുകളും തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് ജില്ലകളിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ കൗൺസിലിംഗ് സെന്ററുകളുമുണ്ട്. വിദ്യാർത്ഥികളിൽ കായിക ലഹരി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ലഹരിയിൽ നിന്ന് കായിക ലഹരിയിലേക്ക് ' എന്ന സന്ദേശമുയർത്തിയുള്ള പ്രവർത്തനങ്ങളും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കായികമാവണം ലഹരി എന്നാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ജോലി സമ്മർദ്ദവും കാരണം
ഐ.ടി മേഖലയിലെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേർക്കും ജോലി സമ്മർദ്ദങ്ങളാലും മറ്റുമാണ് ലഹരിയിൽ അടിമപ്പെടുന്നത്. മണിക്കൂറുകളോളം ഇരുന്നുള്ള ജോലി പലരിലും അസ്വസ്ഥതയും മടുപ്പും ഉളവാക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലരും മാനസിക ഉല്ലാസത്തിനായി ലഹരിയിലേക്ക് മാറുന്ന സ്ഥിതിയുമുണ്ട്. ജോലിയിൽ നിന്നും ഇടയ്ക്ക് ആശ്വാസത്തിനായി ലഹരിയെ ആശ്രയിക്കാമെന്ന് കരുതരുത്. വ്യായാമം, പൂന്തോട്ട പരിപാലനം, പെയിന്റിംഗ്, വായന തുടങ്ങിയ മറ്റെന്തെങ്കിലും വിനോദ മേഖലയാണ് കണ്ടെത്തേണ്ടത്.
വളരെ നേരം മുറി അടച്ചിട്ടിരിക്കുക, വീട്ടുകാരുമായി അകലം പാലിക്കുക, ശരീരഭാരം വല്ലാതെ കുറയുക, നാക്കിറക്കി സംസാരിക്കുക, അമിതമായി ദേഷ്യപ്പെടുക, സാധനങ്ങൾ നശിപ്പിക്കുക, വിശപ്പ് - ഉറക്കം - ശുചിത്വം പോലുള്ള ശീലങ്ങളിൽ വ്യത്യാസം കാണിക്കുക, മുറിയിൽ നിന്നും പ്രത്യേക മണം വരുക, പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും സിഗരറ്റിന്റെ ചുക്ക പോലെ പൊടികളും അസാധാരണ വസ്തുക്കളും പായ്ക്കറ്റുകളും ലഭിക്കുക, കണ്ണ് ചുവന്ന് ചുണ്ടുകൾ കറുത്ത് കവിളുകൾ ഒട്ടുക, പഠനത്തിൽ താത്പര്യം കുറയുക, അവ്യക്തമായ സംസാരം, അമിതമായി വിയർക്കുക എന്നിവയെല്ലാം ലഹരിക്ക് അടിമപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്.
വേണ്ടത് സൗഹൃദ അന്തരീക്ഷം
സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുന്ന വ്യക്തി മൂന്ന് വർഷം വരെയേ ജീവിച്ചിരിക്കൂ. ഉപയോഗിച്ച് 50 സെക്കന്റ് ആവുമ്പോഴേക്കും പ്രവർത്തിച്ച് തുടങ്ങുകയും 48 മുതൽ 72 മണിക്കൂർ വരെ ഇതിന്റെ വീര്യം നിലനിൽക്കും ചെയ്യും. മൂന്ന് മണിക്കൂർ കഴിഞ്ഞാൽ ഭ്രാന്തമായ അവസ്ഥയിലൂടെയാണ് ഇവർ കടന്നുപോകുക.
ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ 'നോ' എന്ന് പറയാൻ മടി കാണിക്കരുത്. ഒരുതവണ ഉപയോഗിച്ചാൽ പിന്നീട് മോചനമില്ലാത്ത വിധം പിടിമുറുക്കാൻ ലഹരിയ്ക്ക് സാധിക്കുമെന്ന ഉത്തമ ബോദ്ധ്യം എല്ലാവരിലും വേണം. ഒരു കുട്ടിയുടെ സ്വഭാവം അത്യന്തികമായി നിർണ്ണയിക്കുന്ന അവന്റെ വീട്ടിൽ നിന്നാണ്. അതിനാൽ തന്നെ വീടുകളിൽ മികച്ച അന്തരീക്ഷം ഒരുക്കി നൽകാൻ ശ്രദ്ധിക്കുക. കുട്ടികളുടെ എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള ഇടമായി വീടുകൾ മാറണം. ഏറ്റവും നല്ല സുഹൃത്തായിരിക്കണം മാതാപിതാക്കൾ.