 
മലപ്പുറം: ഭൂമി തരം മാറ്റാൻ നടപടികൾ വേഗത്തിലാക്കിയെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോഴും കെട്ടിക്കിടക്കുന്നത് 30,475 അപേക്ഷകൾ. 2022 മുതലുള്ള അപേക്ഷകൾ തീർപ്പാക്കാനുണ്ട്. വീട് നിർമ്മാണത്തിന് ഭൂമി തരം മാറ്റാൻ അപേക്ഷിച്ച സാധാരണക്കാരാണ് ഏറെ പ്രയാസം നേരിടുന്നത്. അപേക്ഷകളിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകി തീർപ്പാക്കണമെന്ന് റവന്യൂ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. അപേക്ഷകളുടെ എണ്ണം കൂടിയതും റവന്യൂ, കൃഷി വകുപ്പുകളിലെ ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകളുമാണ് അപേക്ഷകൾ തീർപ്പാക്കുന്നത് വൈകാൻ കാരണം.
ഡാറ്റാ ബാങ്കിൽ നെൽ കൃഷി ചെയ്യുന്നതെന്ന് തെറ്റായി രേഖപ്പെടുത്തിയത് മാറ്റാൻ പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാർശ ആവശ്യമില്ലെന്ന സർക്കുലർ മാർച്ച് 23ന് റവന്യൂ വകുപ്പ് പുറത്തിറക്കിയിരുന്നു. നിരീക്ഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് കൃഷി ഓഫീസർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നത്. അപേക്ഷകളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് പ്രത്യേകം ചുമതല നൽകിയെങ്കിലും ഇതൊന്നും കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല.
പിന്നിൽ മാഫിയയോ? 
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതോടെ ആക്ഷേപങ്ങൾക്കുള്ള സാദ്ധ്യത മുന്നിൽകണ്ട് ഏറെ സൂക്ഷ്മതയോടെയാണ് ഇപ്പോൾ റവന്യൂ വകുപ്പ് അപേക്ഷകൾ പരിഗണിക്കുന്നത്.
വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരും ചില ഏജൻസികളും ഇടപെട്ട് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായി ഭൂമി തരം മാറ്റുന്നെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
നെൽ വയലുകളും തണ്ണീർത്തടങ്ങളും വൻതോതിൽ വാങ്ങി ചെറിയ കഷ്ണങ്ങളായി മുറിച്ച് പാവപ്പെട്ട ആളുകൾക്ക് വിൽപ്പന നടത്തിവരുന്ന പ്രവണത ജില്ലയിലുണ്ടെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പേകിയിട്ടുണ്ട്.
വീട് നിർമ്മാണത്തിനോ മറ്റോ ഭൂമി വാങ്ങുമ്പോൾ അത്തരം ഭൂമി നിർമ്മാണപ്രവർത്തനത്തിന് അനുവദനീയമാണോ എന്ന കാര്യം വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചിരുന്നു.
ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നിയമപരമായ അപേക്ഷകൾ പോലും സമയബന്ധിതമായി തീർപ്പാക്കാൻ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
വർഷം : തീർപ്പാക്കാനുള്ള അപേക്ഷകൾ
2022 .........................12,588
2023 ......................... 12,530
2024 ......................... 5,357
ആകെ : 30,475