മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ് ചരിത്ര വിജയമാണ് നേടിയതെന്നും യൂണിവേഴ്സിറ്റി യൂണിയൻ ഭരണം നിലനിറുത്തുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടും യൂണിവേഴ്സിറ്റി ഡീനിനെയും രജിസ്റ്റാറേയും അദ്ധ്യാപകരെയും ഉപയോഗിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും അഞ്ച് ജില്ലകളിലും വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു. എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് തിരഞ്ഞെടുപ്പിലുണ്ടായത്. മലപ്പുറത്ത് 77 കോളേജുകളിൽ ഒറ്റയ്ക്കും 20 കോളേജിൽ മുന്നണിയായും എം.എസ്.എഫ് വിജയിച്ചു. കോഴിക്കോട് 33 കോളേജുകളിൽ ഒറ്റയ്ക്കും 22 കോളജുകളിൽ മുന്നണിയായും വയനാട് ഒരിടത്ത് ഒറ്റക്കും ഏഴിടത്ത് മുന്നണിയായും പാലക്കാട് അഞ്ചിടത്ത് ഒറ്റയ്ക്കും ആറിടത്ത് മുന്നണിയായും തൃശൂരിൽ ഒരു കോളജിൽ ഒറ്റയ്ക്കും ആറിടത്ത് മുന്നണിയായും വിജയിക്കാൻ സാധിച്ചു. യു.യു.സിമാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവുണ്ടായി.