
മലപ്പുറം: ജില്ലാ പബ്ലിക് ഹെൽത്ത് ലാബിനെ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബാക്കി ഉയർത്താൻ കേന്ദ്ര സർക്കാർ അനുവദിച്ച 1.25 കോടിയുടെ ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ മലപ്പുറം സിവിൽ സ്റ്റേഷനിലെ ലാബ് കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി വേഗത്തിലാക്കാൻ തീരുമാനം. ലാബ് ഉടൻ താത്ക്കാലികമായി സിവിൽ സ്റ്റേഷനിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. നിലവിലെ ഓടിട്ട കെട്ടിടത്തിന് ചോർച്ചയുള്ളതിനാൽ മേൽക്കൂര ഉൾപ്പെടെ പൊളിച്ചുനീക്കി സമ്പൂർണ്ണമായി കെട്ടിടം നവീകരിക്കും. മുൻഭാഗത്തേക്ക് കൂടി വിപുലീകരിച്ച് സ്ഥല സൗകര്യം വർദ്ധിപ്പിക്കും. നിർമ്മാണ പ്രവൃത്തി കരാർ ചെയ്തിട്ടുണ്ട്. സിവിൽ സ്റ്റേഷനിലെ പഴയ കൃഷി വകുപ്പിന്റെ കെട്ടിടത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ തീരെ കുറവാണ്. 2023 മാർച്ചിലാണ് വിവിധ ജില്ലകളിലെ പബ്ലിക് ഹെൽത്ത് ലാബുകൾ ആധുനികവത്ക്കരിക്കാൻ പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത് മിഷൻ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.
ലാബ് വിപുലീകരണത്തിന് സിവിൽ സ്റ്റേഷനിലെ നിലവിലെ കെട്ടിടം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ കോട്ടപ്പടിയിലെ ഡി.ഡി.ഇ ഓഫീസിന് പിറകിലെ 25 സെന്റ് സ്ഥലം ലാബിന് പുതിയ കെട്ടിടം നിർമ്മിക്കാൻ വിട്ടുനൽകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. സ്ഥലം വിട്ടുകൊടുക്കാൻ വിദ്യാഭ്യാസ വകുപ്പ് മടിച്ചു. സമയപരിധിക്കുള്ളിൽ ഫണ്ട് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ നഷ്ടപ്പെടുമെന്നതിനാൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് നിലവിലെ കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്. ജില്ലയുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷം 2018 നവംബറിലാണ് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയത്.
രോഗനിർണ്ണയം ഫലപ്രദമാക്കും