 
തിരൂർ: തുഞ്ചൻപറമ്പിൽ വിദ്യാരംഭചടങ്ങ് അത്ഭുതത്തോടെ വീക്ഷിച്ച് അമേരിക്കക്കാരനായ ടിം പീറ്റേഴ്സ്. വിജയദശമി ദിവസമായ ഇന്നലെ ഏറെ നേരം തുഞ്ചൻ പറമ്പിൽ ചെലവഴിച്ച ടിം പീറ്റേഴ്സ് കാഞ്ഞിരമര ചുവട്ടിൽ ഇംഗ്ളീഷിൽ ഹരിശ്രീയെഴുതി ചടങ്ങിൽ പങ്കാളിയാവുകയും ചെയ്തു. മലയാളത്തിലെഴുതാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇംഗ്ളീഷിലേക്ക് മാറുകയായിരുന്നു.
തിരൂർ പരിയാപുരം സ്വദേശി ജലീലാണ് ടിമ്മിനെ തിരൂർ തുഞ്ചൻപറമ്പിലെത്തിച്ചത്. ഒൻപത് വർഷം മുമ്പ് ഒരു യാത്രയ്ക്കിടെ തീവണ്ടിയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം വളർന്നു.
അമേരിക്കയിലെ പോർട്ട് ലാൻ്റ് ഒറിഗൺ സ്വദേശിയാണ് 32കാരനായ ടിം പീറ്റേഴ്സ്. അമേരിക്കയിലെ പ്രശസ്തമായ ഗ്ലാസ് കമ്പനിയിൽ ക്വാളിറ്റി കൺട്രോളറാണ് ടിം പീറ്റേഴ്സ്. പിന്നീട് എയ്ഡ്സ് കൺട്രോൾ സെല്ലിൽ ഗവേഷണത്തിനായി വയനാട് വന്നപ്പോൾ തൻ്റെ നമ്പറിൽ വിളിച്ച് തിരൂരിൽ വരികയും വീട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. . ഇടക്കൊക്കെ കേരളത്തിലെത്തുമ്പോൾ മലയാളിയുടെ സംസ്കാരവും കേരളത്തിൻ്റെ ചരിത്രവുമൊക്കെ പഠിക്കാൻ ടിം താത്പര്യം കാണിച്ചിരുന്നു. തുഞ്ചൻ പറമ്പിലും ഒരിക്കൽ കൂട്ടിക്കൊണ്ടുവന്നു. അന്ന് സുഹൃത്തിന് കൊടുത്ത വാക്കാണ് വിദ്യാരംഭം കലോത്സവത്തിന് കൊണ്ടുവരുമെന്ന്.
ജോലിത്തിരക്കുകൾക്കിടയിലും മൂന്നാഴ്ച്ചത്തെ അവധി ഒപ്പിച്ചെടുത്ത ടിം പീറ്റേഴ്സ് മൂന്നുദിവസം മുമ്പാണ് കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. തുഞ്ചൻ പറമ്പിൽ വിദ്യാരംഭം കുറിക്കാനെത്തിയ ആയിരക്കണക്കിന് കുരുന്നുകളെയും അവരുടെ രക്ഷിതാക്കളുടെയും അത്ഭുതത്തോടെയാണ് ടിം നോക്കിക്കണ്ടത്. അടുത്ത തവണ സഹോദരി ഷാർളി പീറ്റേഴ്സിനെ കൂടി കൂടെ കൂട്ടുമെന്ന് ടിം പറഞ്ഞു.