മലപ്പുറം: കാലത്തീറ്റയുടെയും ചോളം പുല്ലിന്റേയും വൈക്കോലിന്റെയും വില വർദ്ധിച്ചതോടെ ക്ഷീര കർഷകർ ദുരിതത്തിൽ. 50 കിലോയുടെ ഒരുചാക്ക് കാലിത്തീറ്റയ്ക്ക് 1,580 രൂപയാണ് വില. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഒരുചാക്കിന് 50 രൂപയാണ് വർദ്ധിച്ചത്. ഒരു പശുവിന് ആറ് ദിവസത്തേക്കുള്ള തീറ്റയേ ഇതിലുണ്ടാകൂ. ചോളം പുല്ലിന് ഒരു കിലോയ്ക്ക് വില ഏഴ് രൂപയായി. നേരത്തെ ഇത് അഞ്ച് രൂപയായിരുന്നു. ഒരു പശുവിന് ഏകദേശം 40 കിലോ ചോളം പുല്ലാണ് ഒരു ദിവസം വേണ്ടിവരുന്നത്. നേരത്തെ നാല് രൂപയായിരുന്ന പച്ചപ്പുല്ലിന് കിലോയ്ക്ക് അഞ്ച് രൂപയായി. നേരത്തെ സൗജന്യമായി ലഭ്യമായിരുന്ന പൈനാപ്പിൾ ലീഫ് അഥവാ കന്നാര കിലോയ്ക്ക് മൂന്നേകാൽ രൂപയ്ക്കാണ് നിലവിൽ ലഭ്യമാവുന്നത്. മാത്രമല്ല, വെറ്ററിനറി മരുന്നുകളുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ലിറ്റർ പാലിന് സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്നതാവട്ടെ ഗുണനിലവാരം അനുസരിച്ച് 39 രൂപ മുതൽ 45 വരെയും. ഉല്പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണെന്നാണ് കർഷകർ പറയുന്നത്. കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന ധാരാളം പേരാണ് ജില്ലയിലുള്ളത്. നാട്ടിലെത്തി ഫാം തുടങ്ങിയ പ്രവാസികളും ക്ഷീര മേഖലയിലുണ്ട്. പരിപാലനച്ചെലവ് വർദ്ധിക്കുന്നതിനാൽ ക്ഷീര മേഖല ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 9,500ഓളം ക്ഷീര കർഷകരാണ് ജില്ലയിലുള്ളത്.


സബ്സിഡിയും ബാങ്ക് വായ്പയുമില്ല

പ്രതിദിനം 20 ലിറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിന് 80,000 മുതൽ ഒരു ലക്ഷം വരെയാണ് വില. നേരത്തെ പശുക്കളെ വാങ്ങാൻ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്സിഡിയും 50 ശതമാനം ബാങ്ക് വായ്പയും അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ അത് ലഭിക്കാറില്ലെന്നാണ് ക്ഷീര കർഷകർ പറയുന്നത്.

കാലത്തീറ്റ - 1,580 (50 കിലോ)
ചോളം പുല്ല് - ഏഴ് രൂപ ( ഒരു കിലോ)

വൈക്കോൽ - 280 ( 40കിലോ)

തീറ്റയ്ക്ക് സർക്കാർ സബ്സിഡി ഏർപ്പെടുത്തണം. അനിയന്ത്രിതമായ വില വർദ്ധനവ് ക്ഷീരമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

പി.ടി. നിസാർ കോട്ടക്കൽ, ക്ഷീര കർഷകൻ