 
മലപ്പുറം: മഴക്കാലമായാൽ മങ്കട പൊലീസ് സ്റ്റേഷൻ ചോർന്നൊലിക്കും. വേനലെത്തിയാലോ കഠിനമായ ചൂടും. 14 വർഷമായി അസൗകര്യങ്ങൾക്ക് നടുവിലുള്ള വാടകക്കെട്ടിടത്തിൽ നിന്നും മങ്കട പൊലീസ് സ്റ്റേഷന് മോചനമായിട്ടില്ല. സ്‌റ്റേഷൻ പ്രവർത്തനമാരംഭിച്ച 2010 മുതൽ സർവീസ് സഹകരണ ബാങ്കിന്റെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നൈറ്റ് ഡ്യൂട്ടി ലഭിച്ചാൽ വിശ്രമ സമയത്ത് ശരിയായി കിടക്കാൻ പോലും സൗകര്യമില്ല. പൊലീസുകാർക്കായി ചെറിയൊരു വിശ്രമമുറിയാണുള്ളത്. രണ്ട് പേർക്ക് മാത്രമേ ഇവിടെ കിടക്കാൻ സൗകര്യമുള്ളൂ. ജനൽപാളികളോ അടച്ചുറപ്പുള്ള വാതിലുകളോ വിശ്രമ മുറിക്കില്ല. ജനൽപാളികൾക്ക് പകരം തുണി ഉപയോഗിച്ച് മറയ്ക്കേണ്ട അവസ്ഥയാണ്. മഴ പെയ്താൽ മുറിക്കകത്തേക്ക് വെള്ളം തെറിച്ച് വീഴുന്ന സ്ഥിതി. വനിതാ ജീവനക്കാർക്കായി സ്റ്റേഷനകത്ത് ഒരാൾക്ക് മാത്രം കിടക്കാവുന്ന രീതിയിൽ ചെറിയൊരു വിശ്രമ മുറി മാത്രമേയുള്ളൂ.
സ്‌റ്റേഷന്റെ മുകൾവശം ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ, വേനൽക്കാലത്ത് സ്റ്റേഷനകത്ത് ചുട്ടുപൊള്ളുന്ന സ്ഥിതിയാണ്. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്നവർക്ക് ഒന്നിരിക്കാൻ പോലും വേണ്ടത്ര സൗകര്യമില്ല.അതിനാൽ, സ്റ്റേഷൻ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നത് നാട്ടുകാരുടെയും ആവശ്യമായിട്ടുണ്ട്. മങ്കടയിലെ കർക്കിടകം എന്ന പ്രദേശത്ത് സ്ഥലം നോക്കിവച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
മതിയായ പാർക്കിംഗ് സൗകര്യവും സ്റ്റേഷനകത്തില്ല. ടാർപ്പായ കൊണ്ട് വലിച്ചുകെട്ടി താത്കാലിക പാർക്കിംഗ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മുഴുവൻ വാഹനങ്ങളും പലപ്പോഴും ഇതിൽ പാർക്ക് ചെയ്യാൻ സാധിക്കണമെന്നുമില്ല. സ്റ്റേഷനിലെത്തുന്നവർക്ക് പലപ്പോഴും റോഡ് സൈഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥ. പൊലീസുകാർ പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നത് പാലക്കത്തടത്തെ റോഡ് സൈഡിലാണ്. നേരത്തെ, മങ്കട ജി.എച്ച്.എസ് സ്‌കൂളിന്റെ മുന്നിലായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. വാഹനം നിറുത്തിയിടുന്നത് മൂലം വിദ്യാർത്ഥികൾക്ക് നടക്കാൻ പ്രയാസമാണെന്ന പരാതി ഉയർന്നതോടെയാണ് പാലക്കത്തടത്തേക്ക് മാറ്റിയത്.
ജീവനക്കാരുടെ അഭാവം
എച്ച്.എച്ച്.ഒ, രണ്ട് ഗ്രേഡ് എസ്.ഐമാർ എന്നിവരടക്കം 28 പേരാണ് ഇവിടെ ജീവനക്കാരായുള്ളത്. എന്നാൽ, സ്റ്റേഷന്റെ പ്രവർത്തനം കൃത്യമായ രീതിയിൽ നടക്കാൻ ഇനിയും 10 പേരെങ്കിലും ആവശ്യമാണ്. പലപ്പോഴും അവധിയെടുക്കുന്നവർക്ക് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാനുള്ള വിളിയെത്തും