മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് അടക്കം നേരിടാൻ 24 മണിക്കൂറും ഉണർന്ന് പ്രവർത്തിക്കേണ്ട കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ നേരിടുന്നത് കടുത്ത ദുരിതം. 14 വർഷമായി കുമ്മിണിപ്പറമ്പിലെ 800 സ്ക്വയർഫീറ്റിലെ ചോർന്നൊലിക്കുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ വനിതാ പൊലീസുകാർക്ക് ഡ്രസ്സ് മാറാൻ പോലും ഇടമില്ല. ദിവസവും 30 പേരെങ്കിലും ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടാവും. അഞ്ച് വനിതാ പൊലീസുകാരുമുണ്ട്.
പഴയ വീടാണ് പൊലീസ് സ്റ്റേഷനായി മാറ്റിയത്. ഒരു ചെറിയ ഹാളും രണ്ട് മുറികളും അടുക്കളയുമാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം മഴ പെയ്താൻ ചോർന്നൊലിച്ച് ഫയലുകൾ ഉൾപ്പെടെ നശിക്കുന്നുണ്ട്. ലോക്കപ്പ് സൗകര്യം ഇല്ലാത്തതിനാൽ പ്രതികളെ കസ്റ്റഡിയിൽവയ്ക്കാൻ കൊണ്ടോട്ടി സ്റ്റേഷനെ ആശ്രയിക്കണം. കരിപ്പൂർ വിമാനത്താവളം വഴി സ്വർണമടക്കം കടത്തി പിടികൂടി ജയിലിൽ അടക്കപ്പെട്ടവരുടെ വിവിധ സാധനങ്ങൾ എസ്.എച്ച്.ഒയുടെ റൂമിലാണ് കൂട്ടിയിട്ടിട്ടുള്ളത്. ചെറിയ ഹാളിലാണ് കമ്പ്യൂട്ടർ റൂം അടക്കം സജ്ജീകരിച്ചത്. തീർത്തും ഇടുങ്ങിയ റൂമാണ് റൈറ്ററുടേത്. എസ്.ഐക്ക് പ്രത്യേകം റൂമില്ല. വീടിന്റെ കിച്ചണിലാണ് ഫയലുകൾ ഉൾപ്പെടെ സൂക്ഷിക്കുന്നത്. ആയുധങ്ങൾ സൂക്ഷിക്കാനും പ്രത്യേകം സ്ഥലമില്ല. പി.ആർ.ഒയ്ക്കും പരാതിയുമായി വരുന്നവർക്കും ഇരിക്കാനും ഇടമില്ല. തീർത്തും അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് പൊലീസുകാർ കഴിയുന്നത്.
ആകെ ഏഴ് സെന്റ് ഭൂമിയേ ഉള്ളൂ എന്നതിനാൽ പൊലീസ് പിടികൂടുന്ന വാഹനങ്ങളും മറ്റും സ്വകാര്യ സ്ഥലത്ത് സൂക്ഷിക്കേണ്ട സ്ഥിതിയാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ പോലും ഇടമില്ലാതെ വന്നതോടെ കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഹോളോബ്രിക്സ് കട്ട ഉപയോഗിച്ച് ഷീറ്റിട്ട താത്ക്കാലിക സംവിധാനമൊരുക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ബാത്ത് റൂമാണ് ഇവിടെയുള്ളത്. വനിതകൾക്ക് പ്രത്യേകം സൗകര്യം ഇല്ലാത്തതിനാൽ മറ്റൊരു ബാത്ത് റൂം നിർമ്മിച്ചത് മാത്രമാണ് ഏക ആശ്വാസം. വാടക കെട്ടിടത്തിൽ പ്രവൃത്തിക്കുന്നതിനാൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവില്ല.
സ്ഥലം കിട്ടാനില്ല
സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലം അന്വേഷിച്ചെങ്കിലും ലഭിച്ചിട്ടില്ല.
കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ വേഗത്തിൽ എത്തിപ്പെടേണ്ടതുണ്ട് എന്നതിനാൽ ഇതിന് സമീപത്ത് തന്നെ സ്റ്റേഷൻ വേണമെന്നതാണ് പ്രധാന പ്രതിസന്ധി. കരിപ്പൂരിൽ സ്ഥലത്തിന് ഉയർന്ന വിലയാണ്. അനുയോജ്യമായ രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും വിട്ടുനൽകാൻ ഉടമകൾ തയ്യാറായില്ല. സ്ഥലം കണ്ടുവെച്ച ശേഷം സ്റ്റേഷൻ നിർമ്മാണത്തിനുള്ള പ്രപ്പോസൽ സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. പിടികൂടുന്ന വാഹനങ്ങൾ ഉൾപ്പെടെ സൂക്ഷിക്കേണ്ടതിനാൽ കുറഞ്ഞത് 30 സെന്റ് ഭൂമിയെങ്കിലും വേണം.
മാതൃകയാക്കാം നെടുമ്പാശ്ശേരിയെ
നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും വിമാനത്താവളത്തോട് ചേർന്നാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കരിപ്പൂരിൽ എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് തന്നെ സ്‌റ്റേഷന് സൗകര്യം ഒരുക്കാനാവുമെങ്കിലും അതോറിറ്റി ഇതിന് മുൻകൈ എടുക്കുന്നില്ല. പൊലീസ് എയ്ഡ് പോസ്റ്റിനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയത്.