കാളികാവ്: കടംകേറി കിടപ്പാടം പോയ കുടുംബത്തിന് നാടിന്റെ കൈത്താങ്ങിൽ മോചനം. മൂന്നു പെൺമക്കൾക്ക് വിവാഹ ജീവിതം നൽകാൻ വീട് ബാങ്കിൽ പണയപ്പെടുത്തി ഒടുവിൽ വീട് ജപ്തി ചെയ്ത സംഭവത്തിൽ നാട്ടുകാരുടെ കരുണ കുടുംബത്തിന് രക്ഷയായി.
മുതലും പലിശയുമടക്കം 20 ലക്ഷത്തിന്റെ ബാദ്ധ്യതയാണ് കുടുംബത്തിനുണ്ടായത്.
കാളികാവ് പരിയങ്ങാട് പൂങ്കുഴി ഉമ്മറിന്റെ കുടുംബത്തിനാണ് കടബാദ്ധ്യത മൂലം വീട് നഷ്ടമായി തെരുവിലിറങ്ങേണ്ടി വന്നത്.
പലിശയ്ക്കുമേൽ പലിശയും മുതലും ചേർന്ന് തീർക്കാൻ കഴിയാതായതോടെയാണ്
വീടും 13 സെന്റ് സ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്തത്.
പ്രമുഖ വാഗ്മിയും പണ്ഡിതനുമായ കെ.വി അബ്ദുറഹ്മാൻദാരിമി ചെയർമാനായും സാമൂഹ്യ പ്രവർത്തകരായ കെ.ടി റഷീദ് കൺവീനറും എം.കെ. മുഹമ്മദലി ട്രഷററുമായി കമ്മിറ്റിയുണ്ടാക്കി. മൂന്നു മാസം നീണ്ട കഠിന പ്രയത്നം മൂലം 15 ലക്ഷത്തോളം രൂപ സ്വരൂപിച്ച് ബാങ്കിന്റെ കടം തീർത്തു. ഇപ്പോൾ ഉമ്മറിന്റെ വീട്ടിൽ സന്തോഷത്തിന്റെ പെരുമഴയാണ്.
കിടപ്പാടം നഷ്ടപ്പെട്ടതോടെ കുടുംബം അന്തിയുറങ്ങുന്നത് സഹോദരന്റെ സ്ഥലത്തെ ഷെഡിലായിരുന്നു.
മുതലും പലിശയും ചേർത്ത് 20 ലക്ഷത്തോളം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പലതവണ നോട്ടീസയച്ചു.എന്നാൽ തിരിച്ചടവിന് ഒരു മാർഗ്ഗവുമില്ലാതെ ഉമ്മർ നിസ്സഹായ അവസ്ഥയിലായിരുന്നു .
അതിനിടയിൽ ബാങ്ക് ആകെ അടക്കേണ്ട സംഖ്യയിൽ ഇളവ് നൽകി 15 ലക്ഷം രൂപയാക്കി കുറച്ച് കൊടുത്തു.
അതിനു ശേഷംവണ്ടൂരിൽ കഴിഞ്ഞ നവംബറിൽ നടന്ന മുഖ്യ മന്ത്രിയുടെ ജന സമ്പർക്ക പരിപാടിയിൽ നൽകിയ അപേക്ഷയെ തുടർന്ന് വീണ്ടും ഇളവ് നൽകി .ഇപ്പോൾ 14,15,000 രൂപ ബാങ്കിലടച്ചാണ് കടബാദ്ധ്യത തീർത്തത്.
ഗുഡ്സ് ഓട്ടോ ഓടിച്ച് ജീവിതം പുലർത്തുന്നയാളാണ് ഉമ്മർ.