
മലപ്പുറം: വയനാട് ലോക്‌സഭ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റർ പ്രചാരണത്തിലൂടെ അങ്കത്തട്ടിന് ആദ്യം ചൂടുപിടിപ്പിച്ച് യു.ഡി.എഫ് ക്യാമ്പ്. എൽ.ഡി.എഫിന്റെ സീറ്റിൽ സി.പി.ഐ ആണ് മത്സരിക്കുക. ഇന്ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. മൂന്നംഗ സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച് പ്രഖ്യാപനത്തിന് കാതോർക്കുകയാണ് ബി.ജെ.പി ക്യാമ്പ്.
സി.പി.എം സ്വതന്ത്ര എം.എൽ.എ പി.വി. അൻവർ സി.പി.എമ്മിനെതിരെ ഉയർത്തിയ പോര് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥിയെ ഏത് വിധത്തിൽ ബാധിക്കുമെന്നത് ആകാംക്ഷയുണർത്തുന്നുണ്ട്. വയനാടിന്റെ ഭാഗമായ ഏഴ് നിയോജക മണ്ഡലങ്ങളിൽ മൂന്നെണ്ണമാണ് ജില്ലയിലുള്ളത്. വണ്ടൂരിലും ഏറനാടിലും യു.ഡി.എഫ് എം.എൽ.എമാരും നിലമ്പൂരിൽ പി.വി.അൻവർ എം.എൽ.എയുമാണ്. വണ്ടൂരിന്റെ സാരഥിയായ എ.പി. അനിൽകുമാർ എം.എൽ.എയ്ക്കാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പ്രചാരണ ചുമതല. കഴിഞ്ഞ തവണയും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിച്ചിരുന്നത് എ.പി. അനിൽകുമാറാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭാ മണ്ഡലം മുതൽ വാർഡ് തലം വരെയുള്ള കമ്മിറ്റികളുടെ യോഗം ഇതിനകം യു.ഡി.എഫ് വിളിച്ചുചേർത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ റായ്ബറേലി, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽഗാന്ധി രണ്ട് സ്ഥലത്തും വിജയിച്ചതിനെ തുടർന്ന് വയനാട്ടിൽ നിന്ന് രാജിവച്ചതോടെയാണ് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം വയനാട്ടിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാജിപ്രഖ്യാപന വേളയിൽ തന്നെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതുകൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്കം നടത്താൻ യു.ഡി.എഫ് ക്യാമ്പിന് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം രാത്രി തന്നെ മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ പ്രിയങ്കയുടെ പ്രചാരണ പോസ്റ്റർ പതിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയുടെ രാജിയോടെ നിരാശയിലായ കോൺഗ്രസ് പ്രവർത്തകർക്ക് പ്രിയങ്കയുടെ വരവ് ആവേശമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് മുക്കത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കുന്ന യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ഈ മാസം 19ന് എല്ലാ നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ചേരും. ഇതായിരിക്കും ജില്ലയിൽ യു.ഡി.എഫിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. ഓരോ നിയോജക മണ്ഡലങ്ങളിലും കോൺഗ്രസ് തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. നിലമ്പൂരിൽ ആന്റോ ആന്റണി, വണ്ടൂരിൽ ഹൈബി ഈഡൻ, ഏറനാടിൽ സി.ആർ. മഹേഷ് എന്നിവർക്കാണ് ചുമതല. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ ലഭിച്ച മൂന്നര ലക്ഷമെന്ന ഭൂരിപക്ഷം അഞ്ച് ലക്ഷമാക്കി ഉയർത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
തുണയ്ക്കുമോ നിലമ്പൂർ
സി.പി.എമ്മുമായി ഇടഞ്ഞ് ഡി.എം.കെ രൂപീകരിച്ച പി.വി.അൻവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ ആകാംക്ഷ ഉയർത്തുന്നതാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിലമ്പൂരിൽ തിരിച്ചടിയേറ്റിരുന്നു. 2019നെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ 5,297 വോട്ടിന്റെ കുറവുണ്ടായി. 2019ൽ 61,660 വോട്ടിന്റെ ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക് ലഭിച്ചപ്പോൾ 2024ൽ 56,363 വോട്ടായി കുറഞ്ഞു. സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ആനി രാജ താരതമ്യേന നില മെച്ചപ്പെടുത്തിയത് നിലമ്പൂരിൽ ആയിരുന്നു. ഇത്തവണ കോൺഗ്രസിന്റെ ഭൂരിപക്ഷം ഉയർന്നാൽ പോലും അത് സി.പി.എമ്മിനോടുള്ള പി.വി.അൻവറിന്റെ പ്രതികാരമായാവും വിലയിരുത്തപ്പെടുക.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ സജീവമായി രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ച അൻവർ വയനാടിന്റെ കാര്യത്തിൽ നയം പരസ്യപ്പെടുത്തിയിട്ടില്ല. പാലക്കാടും ചേലക്കരയിലും സി.പി.എം തോൽക്കുമെന്ന് പ്രവചിച്ച അൻവർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഉണ്ടാവുമോ എന്നത് വ്യക്തമാക്കിയിട്ടില്ല. സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് അൻവർ അറിയിച്ചിട്ടുള്ളത്. ഡി.എം.കെയ്ക്ക് സംഘടനാ സംവിധാനം പോലും കൃത്യമായി രൂപപ്പെട്ടിട്ടില്ല എന്നതിനാൽ അൻവർ സാഹസത്തിന് മുതിരില്ലെന്നാണ് വിലയിരുത്തൽ. സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ ശേഷം കോൺഗ്രസിനോട് മൃദുസമീപനം പുലർത്തുന്ന അൻവർ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ പ്രിയങ്കയ്‌ക്കെതിരെ സ്ഥാനാർത്ഥിയെ നിറുത്തിയേക്കില്ല. തമിഴ്‌നാട്ടിലെ ഡി.എം.കെ വഴി ഇന്ത്യാ മുന്നണിയിലേക്ക് പാലമിടാൻ ശ്രമിച്ച പി.വി.അൻവർ ഭാവിസാദ്ധ്യതകൾ മുൻനിറുത്തി പ്രിയങ്കയ്ക്ക് പിന്തുണയേകാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനാവും പ്രിയങ്ക വയനാട്ടിൽ എത്തുകയെന്ന് എ.പി.അനിൽ കുമാർ എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് നില
രാഹുൽ ഗാന്ധി (കോൺഗ്രസ്) - 6,47,445
ആനി രാജ (സി.പി.ഐ) 2,83,023
കെ.സുരേന്ദ്രൻ (ബി.ജെ.പി ) 1,41,045
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം- 3,64, 422
ജില്ലയിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം
വണ്ടൂർ - 69,555
നിലമ്പൂർ - 61,660
ഏറനാട് - 57,743