മലപ്പുറം: മണ്ഡലകാലം ആരംഭിക്കാൻ ഒരുമാസം മാത്രം ശേഷിക്കേ ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പയിൽ ഇത്തവണ ഭക്തർക്ക് എങ്ങനെ സൗകര്യമൊരുക്കുമെന്ന ആശങ്കയിലാണ് അധികൃതർ. ഭക്തർക്ക് വിരി വയ്ക്കാനും വാഹനം പാർക്ക് ചെയ്യാനും ഭക്ഷണം പാകം ചെയ്യാനുമടക്കം നേരത്തെ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളിലൂടെ കോഴിക്കോട്-എറണാകുളം ആറുവരിപ്പാത കടന്ന് പോവുന്നതിനാൽ സൗകര്യങ്ങൾ എവിടെയൊരുക്കുമെന്ന കാര്യത്തിൽ ആർക്കും കൃത്യമായ ധാരണയില്ല. ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ഗ്രാമപഞ്ചായത്ത് അധികൃതർ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നവംബർ ആദ്യവാരം സൗകര്യങ്ങൾ എവിടെ ഒരുക്കുമെന്നത് തീരുമാനിക്കാൻ യോഗം ചേരും. സ്ഥല സൗകര്യം ഇത്തവണ വലിയ പ്രതിസന്ധിയാണെന്ന് തവനൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ഡി.ടി.പി.സിക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ വകയിൽ 2011 മുതൽ 51 ലക്ഷം രൂപ ദേവസ്വം മാനേജ്‌മെന്റും ഡിസാസ്റ്റർ മാനേജ്‌മെന്റും നൽകാനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2022 മുതൽ ഡി.ടി.പി.സി വിട്ടുനിൽക്കുന്നതിനാൽ തവനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കാറ്. മണ്ഡലകാലമായാൽ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ദിനംപ്രതി ആയിരത്തോളം ഭക്തരാണ് ഇവിടെയെത്തുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡരികിൽ 15 മീറ്റർ നീളത്തിൽ താത്ക്കാലിക പാർക്കിംഗ് സൗകര്യവും മിനി പമ്പയ്ക്കടുത്ത് തന്നെ ഭക്തർക്ക് വിരിവയ്ക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ഷെഡും പഞ്ചായത്ത് കഴിഞ്ഞ വർഷം നിർമ്മിച്ച് നൽകിയിരുന്നു. വാഹനത്തിൽ നിന്നിറങ്ങി തങ്ങളുടെ പാത്രങ്ങളും മറ്റ് സാധനങ്ങളും ഇറക്കിവയ്ക്കാൻ അനുയോജ്യമായ രീതിയിലായിരുന്നു ഈ സ്ഥലം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇതുവഴിയും ഹൈവേ കടന്നു പോകുന്നതിനാൽ പുതിയ സ്ഥലം എവിടെ കണ്ടെത്തുമെന്നത് പ്രയാസകരമാണ്.
മിനി പമ്പ നശിക്കുന്നു
ടൂറിസം വകുപ്പിൽ നിന്നും എം.എൽ.എ ഫണ്ടിൽ നിന്നുമുള്ള പണം ഉപയോഗിച്ച് വികസിപ്പിച്ച മിനി പമ്പ നിലവിൽ അധികൃതരുടെ അനാസ്ഥമൂലം നശിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രവർത്തിക്കാത്ത ഷവർ ബാത്ത്, പ്രവർത്തനരഹിതമായ രക്ഷാബോട്ടുകൾ, വൃത്തിഹീനമായ ശുചിമുറി, തുരുമ്പെടുത്ത സോളാർ ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, നശിച്ചുപോയ സുരക്ഷാവേലി എന്നിവയാണിവിടെയുള്ളത്.
മിനി പമ്പയിലെത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കുക എന്നത് ഇത്തവണ വലിയ പ്രതിസന്ധിയാണ്. കഴിഞ്ഞ വർഷം കണ്ടെത്തിയ സ്ഥലങ്ങളിലൂടെയെല്ലാം ഹൈവേ കടന്ന് പോവുന്നതിനാൽ പുതിയ സ്ഥലം കണ്ടെത്തുക പ്രയാസകരമാണ്. അടുത്ത മാസം ചേരുന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
നസീറ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്