മലപ്പുറം: 14 വർഷമായി ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മങ്കട പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നു. 2010 മുതൽ സർവീസ് സഹകരണ ബാങ്കിന്റെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്ന സ്റ്റേഷനിൽ മതിയായ വിശ്രമസ്ഥലങ്ങളോ പാർക്കിംഗ് സൗകര്യമോ ശുചിമുറികളോ ഇല്ല. മാത്രമല്ല, മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയുമാണ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മങ്കട പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥയെക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

സ്വന്തം കെട്ടിടമെന്നത് മങ്കട പൊലീസ് സ്റ്റേഷനെ സംബന്ധിച്ച് അനിവാര്യമാണ്. 10 വർഷം ഞാൻ ഇവിടെ ആയിരുന്നില്ല. തിരിച്ച് വന്നതോടെ വീണ്ടും പൊലീസ് സ്റ്റേഷന് സ്വന്തം സ്ഥലം കണ്ടെത്താനുള്ള പ്രയത്നത്തിലാണ്. സർക്കാരിന്റെ സ്ഥലങ്ങളെല്ലാം ഒഴിഞ്ഞ് കിടക്കുന്ന മേഖലകളിലായതിനാൽ സ്റ്റേഷന് അനുയോജ്യമല്ല. സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥലം സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പരിഗണനയിലുള്ളവർ നാട്ടിലില്ലാത്തതിനാൽ ഭൂമി ലഭ്യത വൈകുകയാണ്. പൊലീസ് സ്റ്റഷന് വേണ്ടിയാണ് സ്ഥലം എന്ന് പറയുമ്പോൾ പലരും നൽകാൻ തയ്യാറാവാത്ത അവസ്ഥയുമുണ്ട്.

മഞ്ഞളാംകുലി അലി, മങ്കട എം.എൽ.എ

നിലവിൽ യാതൊരു സൗകര്യവുമില്ലാതെയാണ് മങ്കട പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കടന്നമണ്ണയിൽ ക്ഷീരവകുപ്പിന്റെ അധീനതയിലുള്ള 70 സെന്റ് ഭൂമിയിലെ 20 സെന്റ് ഭൂമിയിൽ സംസ്ഥാന പാതയോട് ചേർന്ന് തന്നെ സ്‌റ്റേഷന് അനുയോജ്യമായ കെട്ടിടമൊരുക്കാൻ സാധിക്കും. ഇക്കാര്യം സർക്കാർ പരിഗണിക്കണം. ഇക്കാര്യം മഞ്ഞളാംകുഴി അലി എം.എൽ.എയെ അറിയിച്ചിരുന്നു.
അഡ്വ.കെ.അസ്‌ക്കർ അലി, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

നേരത്തെയും പല സ്ഥലങ്ങൾ മങ്കട പൊലീസ് സ്റ്റേഷനായി നിർദേശിച്ചെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം പരിഗണിക്കാതെ പോയി. പിടിച്ചെടുത്ത വാഹനങ്ങൾ മങ്കട ജി.എച്ച്.എസ് സ്‌കൂളിനടുത്തുള്ള പാലക്കത്തടം എന്ന സ്ഥലത്താണ് കൊണ്ടിടുന്നത്. ഇത് വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

അബ്ദുൽസലാം, മങ്കട ടൗൺ 12-ാം വാർഡ് മെമ്പർ

അസൗകര്യങ്ങൾക്ക് നടുവിലാണ് മങ്കട പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പരാതിയുമായി എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ പ്രയാസമാണ്. സ്റ്റേഷനകം ചുട്ടുപൊള്ളുന്ന അവസ്ഥ. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്നവർക്ക് ഒന്നിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
കെ.ടി.ഷംസീർ, പ്രദേശവാസി