
മലപ്പുറം: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഇന്ന് മുതൽ 23 വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും. 17 ഉപജില്ലകളിൽ നിന്നായി 5,000ത്തോളം കായികതാരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. ജൂനിയർ തലം മുതൽ സീനിയർ തലം വരെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിവിധ ഇനങ്ങളിൽ മത്സരം ഉണ്ടാകും.
കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ല ഇക്കുറി ഒന്നാം സ്ഥാനം നേടാനുള്ള തയ്യാറെടുപ്പിലാണ്. 21ന് രാവിലെ ഒമ്പതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ പതാക ഉയർത്തും. മേളയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ ഉപ ഡയറക്ടർ നിർവഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി വി.പി സക്കീർ ഹുസൈൻ അത്‌ലറ്റുകളെ അഭിസംബോധന ചെയ്യും.
ഇന്ന് 26 ഫൈനലുകൾ
ഇന്ന് രാവിലെ എട്ടിന് സീനിയർ ബോയ്സ് 800 മീറ്ററോടെ മത്സരങ്ങൾക്ക് തുടക്കമാവും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഷോട്ട് പുട്ട്, ഹാമ്മർ, ലോംഗ് ജമ്പ്, ഹൈജമ്പ്, 600 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ മത്സരങ്ങൾ നടക്കും. മേളയുടെ വേഗക്കാരെ കണ്ടെത്തുന്ന 100 മീറ്റർ അടക്കം 26 ഇനങ്ങളിൽ ഫൈനൽ നടക്കും.