
□സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ തീരുമാനം നാളെ
മലപ്പുറം: പാലക്കാട്ടെ ഡി.എം.കെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ ബുധനാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് പി.വി.അൻവർ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ല. രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്ക്കും. ചേലക്കരയിൽ രമ്യയെ ആർക്കും ഇഷ്ടമല്ല. കോൺഗ്രസുകാർ തന്നെയാണ് രമ്യയെ എതിർക്കുന്നത്. അവിടെ ഇനി ചർച്ചയില്ല.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയത് കെ.പി.സി.സിയല്ല. സരിനെ സ്ഥാനാർത്ഥിയാക്കാനാണ് ഡി.സി.സി നേതൃത്വം തീരുമാനിച്ചിരുന്നത്. രാഹുലിനെ മത്സരിപ്പിച്ചത് ചിലരുടെ മാത്രം തീരുമാനമാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഒരു തരത്തിലും പാലക്കാടിന് യോജിച്ച സ്ഥാനാർത്ഥിയല്ല. രാഹുൽ തോൽക്കാൻ പോവുകയാണെന്ന് യു.ഡി.എഫിന് മനസിലായിട്ടുണ്ട്. പാലക്കാട് ബി.ജെ.പി വിജയിച്ചാൽ തന്റെ തലയിലിടാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ശ്രമം. ഡി.എം.കെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബി.ജെ.പി ജയിച്ചുവെന്ന് വരുത്താൻ ആരും ശ്രമിക്കേണ്ട. പാലക്കാട് കോൺഗ്രസിലെയും സി.പി.എമ്മിലെയും വലിയൊരു വോട്ട് ബി.ജെ.പിക്ക് പോകും..
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയ്ക്കുള്ള പിന്തുണയിൽ വി.ഡി. സതീശന്റെ അച്ചാരം തനിക്ക് വേണ്ട. ഡി.എം.കെയുടെ മുന്നേറ്റം തടയാൻ സതീശനാവില്ല.സതീശന്റെ അഹങ്കാരത്തിന് വലിയ വില നൽകേണ്ടി വരും. കോൺഗ്രസ് തീരുമാനം പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ്. തനിക്ക് സതീശന്റെ അത്ര ബുദ്ധിയില്ല, എന്നാൽ സതീശന്റെ അത്ര പൊട്ടനുമല്ല.. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്നും അൻവർ ചോദിച്ചു.