kkkkkkkk

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ ജില്ലാ സ്‌കൂൾ കായികമേളയുടെ ട്രാക്ക് ഉണർന്നപ്പോൾ പതിവ് പോലെ വെന്നിക്കൊടി പാറിച്ച് ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി. ഒമ്പത് സ്വർണവും 11 വെള്ളിയും എട്ട് വെങ്കലവുമായി 86 പോയിന്റാണ് ഐഡിയൽ താരങ്ങളുടെ ആദ്യദിവസത്തെ സമ്പാദ്യം. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ സ്‌കൂൾ ചാമ്പ്യൻമാരാണ് ഐഡിയൽ. മേളയിലെ വേഗതാരങ്ങളെ കണ്ടെത്തുന്ന ഗ്ലാമർ ഇനമായ 100 മീറ്ററിൽ സ്വർണം തൂത്തുവാരി നവാമുകുന്ദ മികച്ച തിരിച്ചുവരവ് നടത്തി. 11 സ്വർണം, മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടി 67 പോയിന്റാണ് നവമുകുന്ദയ്ക്കുള്ളത്. കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരാണ് മൂന്നാമത്. നാല് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും അടക്കം 31 പോയിന്റുണ്ട്.

ആദ്യദിനം 98 പോയിന്റോടെ തിരൂർ ഉപജില്ലയാണ് മുന്നിൽ. വർഷങ്ങളായി ഓവറോൾ കിരീടം കൈക്കലാക്കാറുള്ള എടപ്പാൾ ഉപജില്ലയാണ് രണ്ടാമത്. 86 പോയന്റാണ് എടപ്പാളിന്റെ അക്കൗണ്ടിലുള്ളത്. അരീക്കോട് ഉപജില്ലയാണ് മൂന്നാമത്. 19.5 പോയന്റാണ് അരീക്കോടിനുള്ളത്. ഐഡിയലിന്റെ കരുത്തിലാണ് എടപ്പാൾ ഉപജില്ലയുടെ രണ്ടാം സ്ഥാനത്തുള്ള കുതിപ്പ്. തിരൂരിന്റെ കുതിപ്പ് നവമുകുന്ദയുടെ പിൻബലത്തിലാണ്. മേള ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി വി.പി.സക്കീർ ഹുസൈൻ മുഖ്യാതിഥിയായി. 17 ഉപജില്ലകളിൽ നിന്നായി 5,​000ത്തോളം കായിക താരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. കായികമേള നാളെ സമാപിക്കും. 400 മീറ്റർ ഓട്ടം, ഹർഡിൽസ്, 4X100 റിലേ, 3000 മീറ്റർ തുടങ്ങിയവയാണ് ഇന്ന് നടക്കുന്ന പ്രധാന ഫൈനലുകൾ.