
തിരൂർ : തിരൂർ നഗരസഭ പരിധിയിലുള്ള സ്കൂളുകളിലെ എൽ.പി. വിഭാഗം കുട്ടികളുടെ സ്ക്രീനിംഗ് ചെമ്പ്ര എ.എം.യു.പി.സ്കൂളിൽ നടന്നു. നഗരസഭയിലെ 23 വിദ്യാലയങ്ങളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ സ്ക്രീനിംഗിൽ പങ്കെടുത്തു. നവംബർ 3, 4, 5, 6 തീയതികളിലായി തിരൂർ ജി.ബി.എച്ച്.എസ്.എസിൽ നടക്കുന്ന തിരൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള പ്രതിഭകളെയാണ് തിരഞ്ഞെടുത്തത്. ഓരോ ഇനങ്ങളിലും 5 പേർ വീതമാണ് ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കലോത്സവത്തിന് ആതിഥ്യമരുളി സ്കൂൾ പി.ടി.എ. ഒരുക്കിയ പിറന്നാൾ തക്കാരം തിരൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.വി. രമ ഉദ്ഘാടനം ചെയ്തു. സ്ക്രീനിംഗ് നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. റസിയ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. ഗിരീഷ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത, ചെമ്പ്ര സ്കൂൾ മാനേജർ എം. അബ്ദുൾ ലത്തീഫ് മൂപ്പൻ, ജനറൽ കൺവീനറും സ്കൂൾ പ്രഥമാദ്ധ്യാപകനുമായ പ്രവീൺ കൊള്ളഞ്ചേരി, പി.ടി.എ. പ്രസിഡന്റ് പി സുബൈർ, എം.ടി.എ പ്രസിഡന്റ് പി. ദിവ്യ, സി.രാജേഷ്, അലി പറമ്പിൽ, ജംഷീർ വിശാറത്ത് തുടങ്ങിയവർ സംസാരിച്ചു.