പെരിന്തൽമണ്ണ: നഗരസഭയുടെ വനിതാ വിശ്രമകേന്ദ്രം റീ ഓപ്പൺ ചെയ്തു. നഗരസഭയുടെ രജത ജൂബിലിയോടനുബന്ധിച്ചു പ്രവർത്തനം ആരംഭിച്ച വനിതാ വിശ്രമകേന്ദ്രം സാങ്കേതിക പ്രശ്നങ്ങളാൽ അടഞ്ഞു കിടക്കുകയായിരുന്നു. വിശ്രമമുറി, മുലയൂട്ടൽ മുറി, തൊട്ടിൽ, ശുചിമുറി, ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പ്രവർത്തനം. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ സമയത്ത് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്റെ സമീപത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ താഴെ നിലയിൽ ടാക്സി സ്റ്റാൻഡും പുരുഷന്മാരുടെ ശൗചാലയവും മുകളിലെ നിലയിൽ വനിതാ വിശ്രമ കേന്ദ്രവുമാണുള്ളത്. കുടുംബശ്രീ ജില്ലാ മിഷനാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നടത്തുന്നത്. വനിതാ വിശ്രമകേന്ദ്രം വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിലൂടെ നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാകും.