
തിരൂർ: നാല് ലക്ഷത്തോളമാണ് തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനസംഖ്യ. സ്റ്റേഷനിലെ പൊലീസുകാരുടെ എണ്ണം 75ഉം. ഡിവൈ.എസ്.പി ഓഫീസ്, ട്രാഫിക് യൂണിറ്റ്, സ്പെഷൽ ബ്രാഞ്ച് എന്നിവിടങ്ങളിലേതുകൂടി കൂട്ടിയാൽ മൊത്തം 125ഉം. അംഗബലത്തിലെ കുറവ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരൂർ മുനിസിപ്പാലിറ്റി, വെട്ടം, തലക്കാട്, ത്യപ്രങ്ങോട്, മംഗലം, പുറത്തൂർ എന്നീ പഞ്ചായത്തുകൾക്ക് പുറമേ തിരുനാവായ, താനാളൂർ, പൊൻമുണ്ടം പഞ്ചായത്തുകളിലെ പകുതിയോളം വരുന്ന പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് തിരൂർ സർക്കിൾ ഇൻസ്പെക്ടറുടെ കീഴിൽ വരുന്നത്. നാലുലക്ഷത്തോളം പേരാണ് പരിധിയിലെ താമസക്കാർ. ഓരോ വർഷവും 2000 കേസുകളിലേറെ തിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. അതിലധികവും ക്രൈം കേസുകളാണ്.
ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം തിരൂർ പ്രശ്ന ബാധിത മേഖലയാണ്. തീരദേശ പ്രദേശങ്ങളായ പടിഞ്ഞാറെക്കര, കൂട്ടായി, വാക്കാട്, പറവണ്ണ ഭാഗങ്ങളിൽ മുൻപ് രാഷ്ട്രീയ സംഘട്ടനങ്ങൾ സ്ഥിരമായിരുന്നു. ഒരു അഡീഷണൽ എസ്.ഐ അടക്കം നാലോളം പൊലീസ് സ്ക്വാഡ് ഇപ്പോഴും ഇവിടെ സ്ഥിരമായി ക്യാമ്പ് ചെയ്യുന്നുണ്ട്. എങ്കിലും കാലപ്പഴക്കം ചെന്ന പൊലീസ് വാഹനത്തിൽ ഇവിടെ വേഗത്തിൽ എത്തിപ്പെടാൻ സാധിക്കാറില്ല. തിരൂർ പൊലീസ് സ്റ്റേഷനിൽ അഞ്ചോളം പഴകിയ വാഹനങ്ങളാണ് ഉള്ളത്. മിക്കതും ഇടയ്ക്കിടെ കട്ടപ്പുറത്ത് കയറും.
തീരദേശത്തെ ക്രമസമാധാന പാലനം കണക്കിലെടുത്ത് മംഗലം ആസ്ഥാനമാക്കി ഒരു പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം 2012-ൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. തിരൂർ സ്റ്റേഷനിൽ രാത്രി സമയങ്ങളിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരടക്കമുള്ള പൊലീസുകാർക്ക് വിശ്രമിക്കുവാനും മറ്റും ആകെ രണ്ട് മുറികളാണ് ഉള്ളത്. ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ തിരൂരിൽ മികച്ച സൗകര്യമൊരുക്കണമെന്നാണ് രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും പറയുന്നത്.