മലപ്പുറം: പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണം നേടി ജൂനിയർ വിഭാഗം പെൺകുട്ടികളിൽ വ്യക്തിഗത ചാമ്പ്യനായാണ് ദിയ ഫാത്തിമ മടങ്ങിയത്. കഴിഞ്ഞ വർഷം പാതിയിൽ പൊലിഞ്ഞ സ്വപ്നമാണ് ഈ മിടുക്കി ഇത്തവണ സ്വന്തമാക്കിയത്. 3,000 മീറ്റർ ഓട്ടം, 800 മീറ്റർ ഓട്ടം, 1,500 മീറ്റർ ഓട്ടം, ക്രോസ്സ് കൺട്രി ഇനങ്ങളിലാണ് ദിയ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം ജില്ലാ കായികമത്സരത്തിൽ മൂന്നിനങ്ങളിൽ സ്വർണം നേടിയെങ്കിലും 800 മീറ്റർ ഓട്ടത്തിൽ വെള്ളി ആയതിനാൽ വ്യക്തിഗത ചാമ്പ്യൻ സ്ഥാനം നഷ്ടമാവുകയായിരുന്നു. പെരിന്തൽമണ്ണ പ്രസന്റേഷൻ എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ. 2022ൽ ഭോപ്പാലിൽ നടന്ന നാഷണൽ സ്കൂൾ മത്സരത്തിൽ ക്രോസ് കൺട്രിയിൽ പന്ത്രണ്ടാം സ്ഥാനം നേടിയിരുന്നു. പാലോളിപ്പറമ്പ് സ്വദേശിയാണ്. കായികാദ്ധ്യാപകൻ സാം വർഗീസ് ആണ് പരിശീലകൻ. കരിപ്പൂർ എയർപോർട്ട് സൂപ്പർവൈസർ കുഞ്ഞാലന്റെയും കെ. സലീനയുടെയും മകളാണ്.