തേഞ്ഞിപ്പലം: ജില്ലാ സ്‌കൂൾ കായികമേളയിലെ എടപ്പാളിന്റെ ആധിപത്യം തകർത്ത് 15 വർഷത്തിന് ശേഷം ചാമ്പ്യൻപട്ടമണിഞ്ഞ് തിരൂർ ഉപജില്ല. നവമുകുന്ദ എച്ച്.എസ്.എസ് തിരുന്നാവായയുടെയും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്‌കൂളിന്റെയും കരുത്തിൽ 344 പോയന്റോടെ ആണ് തിരൂർ ഉപജില്ല ഓവറോൾ കിരീടം തിരിച്ചുപിടിച്ചത്. 41 സ്വർണവും 26 വെള്ളിയും 22 വെങ്കലവുമാണ് തിരൂർ ഉപജില്ല നേടിയത്. കടകശ്ശേരി ഐഡിയൽ സ്‌കൂളിന്റെ കുതിപ്പിൽ 33 സ്വർണവും 35 വെള്ളിയും 21 വെങ്കലവുമായി 304 പോയന്റോടെ എടപ്പാൾ ഉപജില്ല രണ്ടാംസ്ഥാനത്തുണ്ട്. അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി 68 പോയന്റോടെ കിഴിശ്ശേരി മൂന്നാമതും ഏഴ് സ്വർണവും അഞ്ച് വെള്ളിയും 13 വെങ്കലവുമായി 66.5 പോയന്റുമായി അരീക്കോട് ഉപജില്ല നാലാമതും ഫിനിഷ് ചെയ്തു.

ഐഡിയൽ കടകശ്ശേരി സ്‌കൂൾ ചാമ്പ്യൻപട്ടം നിലനിറുത്തി. 29 സ്വർണവും 32 വെള്ളിയും 17 വെങ്കലവുമടക്കം 258 പോയിന്റുമായാണ് ഐഡിയൽ ചാമ്പ്യൻമാരായത്. തുടർച്ചയായി 16ാം തവണയാണ് ഐഡിയൽ ചാമ്പ്യൻ പട്ടം നിലനിറുത്തുന്നത്. 23 സ്വർണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 180 പോയിന്റോടെ തിരുനാവായ നവമുകുന്ദ എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. 11സ്വർണം,​ ഏഴ് വെള്ളി,​ ഒമ്പത് വെങ്കലം അടക്കം 85 പോയിന്റ് കരസ്ഥമാക്കി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ മൂന്നാമതായി.

മൂന്ന് ദിവസങ്ങളിലായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്‌കൂൾ കായികമേളയിൽ 24 പുതിയ മീറ്റ് റെക്കാഡുകളാണ് പിറന്നത്. ട്രാക്കിലും ഫീൽഡിലും പിറ്റിലും കടകശ്ശേരി ഐഡിയലും തിരുനാവായ നവാമുകുന്ദയും കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരും ശക്തമായ പോര് തീർത്തപ്പോൾ കായികമേള കൗമാരത്തിന്റെ വീറും വാശിയും നിറഞ്ഞതായി. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ഓവറോൾ കിരീടം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാവും കളത്തിലിറങ്ങുക.


പോയന്റ് നില
തിരൂർ 344
എടപ്പാൾ 304
കിഴിശ്ശേരി 68
അരീക്കോട് 66.5
താനൂർ 34.5
വേങ്ങര 28
പെരിന്തൽമണ്ണ 21
മേലാറ്റൂർ 21
കുറ്റിപ്പുറം 18
മങ്കട 12
നിലമ്പൂർ 9
വണ്ടൂർ 8
പരപ്പനങ്ങാടി 6
മലപ്പുറം 5
കൊണ്ടോട്ടി 4
പൊന്നാനി 3
മഞ്ചേരി 2

മെഡൽ പട്ടികയിൽ മുന്നിൽ ഇവർ
(അദ്യത്തെ 10 സ്ഥാനക്കാർ)

സ്‌കൂൾ: സ്വർണം - വെള്ളി - വെങ്കലം -പോയന്റ്
ഐഡിയൽ കടകശ്ശേരി: 29 - 32 -17 - 258
നവാമുകുന്ദ തിരുന്നാവായ: 23 -18 -11- 180
കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ: 11- 7 - 9 -85
സി.എച്ച്.എം.എച്ച്.എസ് പൂക്കുളത്തൂർ: 2 - 5 - 2 - 27
എസ്.എസ്.എച്ച്.എസ് മൂർക്കനാട്: 3 - 2 - 5 - 26
സി.എച്ച്.എം.കെ.എം.എച്ച്.എസ് കാവനൂർ: 3 - 2 - 5 - 25.5
പി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ 3 - 2- 0 - 2 -1
എസ്.എം.എം.എച്ച്.എസ്.എസ് രായിരമംഗലം: 2 -1 - 5 - 17.5
കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോട്: 2 - 2 - 0 - 16
കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ: 2 -1 -2 -15