
പൊന്നാനി: പ്രസിദ്ധമായ കണ്ണപ്പിൽ വാവു വാണിഭത്തിനൊരുങ്ങി പൊന്നാനി. ദീപാവലിയോടനുബന്ധിച്ച് പൊന്നാനി കുറ്റിക്കാട് മുതൽ ഏവി ഹൈസ്‌കൂൾ വരെയുള്ള പാതയോരങ്ങളിലാണ് മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്ന വാവുവാണിഭം പൊടിപൊടിക്കുക. കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭത്തിന് നൂറ്റാണ്ടിന്റ പഴക്കമുണ്ട് . ആദ്യകാലങ്ങളിൽ സ്വന്തമായി ഉത്പാദിപ്പിച്ചെടുത്ത സാധനങ്ങൾ വാണിഭത്തിന് കൊണ്ടുപോയി പകരം ആവശ്യമുള്ള മറ്റു സാധനങ്ങൾ വാങ്ങിച്ച് വരുകയായിരുന്നു പതിവ്. എന്നാൽ കാലം മാറിയതോടെ പണകൊഴുപ്പിന്റ വ്യാപാര കേന്ദ്രമായി വാവുവാണിഭം മാറിയെങ്കിലും ആ പഴയ കാല തനിമ കൈമോശം വന്നിട്ടില്ല. വാവുവാണിഭം തുടങ്ങി കഴിഞ്ഞാൽ സാധനങ്ങൾ വാങ്ങുന്നതിനും കാണുന്നതിനുമായി റോഡരികിൽ ജനങ്ങൾ തിങ്ങി നിറയും. അവസാന നാളിൽ സൂചികുത്താൻ ഇടമില്ലാത്ത വിധം ജനങ്ങൾ കുടുംബ സമേതം വന്ന് വാണിഭത്തെ ജനകീയമേളയാക്കി മാറ്റും.സ്വന്തം കൃഷിയിടത്തിൽ നിന്ന് വിളയിച്ചെടുത്ത ഉത്പന്നങ്ങളുമായി വാവുവാണിഭക്കച്ചവടത്തിനെത്തുന്നവരിലേറെയും പാലക്കാട് , തൃശൂർ ജില്ലയിൽ നിന്നാണ്. മറ്റു ജില്ലകളിൽ നിന്നും കച്ചവടത്തിനായി പൊന്നാനിയിലെത്തും. കുറ്റിക്കാട് ക്ഷേത്രത്തോട് ചേർന്ന വാണിഭകളത്തായിരുന്നു ആദ്യം വാവുവാണിഭം നടന്നിരുന്നത്. ഭാരതപുഴയിൽ വാവുബലിക്കായി വരുന്നവർ മാസങ്ങൾക്കുള്ള സാധനങ്ങളുമായാണ് മടങ്ങിപ്പോയിരുന്നത്.കാലങ്ങളുടെ കുത്തൊഴുക്കിൽ മറ്റല്ലാറ്റിനേയും പോലെ വാവുവാണിഭത്തിന് പുതുമ കൈവന്നെങ്കിലും ആ പഴമയുടെ വാവു വാണിഭത്തിനായി ജനങ്ങൾ ദിനങ്ങൾ എണ്ണി നീക്കും. 50വർഷത്തിലേറെ പഴക്കമുള്ള കണ്ണപ്പിൽ വാവ് വാണിഭം പഴയ കാലത്ത് പേരും പെരുമയുമുള്ള കച്ചവടമേളയായിരുന്നു. കണ്ണപ്പിൽ വാവ് വാണിഭം എന്നാൽ ഇന്ന് അത്രയധികം പെരുമയില്ലെങ്കിലും ജനപങ്കാളിത്തം കൊണ്ടും കച്ചവടസാധനങ്ങൾ കൊണ്ടും ആളുകൾ ഒരുപാട് പേർ ആവശ്യക്കാരായി എത്തുന്നുണ്ട്. ഇത്തവണയും കച്ചവടത്തിന് വലിയ തിരക്കുണ്ട്.നിലകടല, കൂർക്ക,കപ്പ, പലഹാരങ്ങൾ, മൊറം,കൊട്ടകയ്യിൽ തുടങ്ങിയ പാത്രങ്ങളും മറ്റും ഇവിടെ വില്പനക്കുണ്ടാകും. വാണിഭത്തിലെ പ്രധാന താരം കരിമ്പാണ് .
70 രൂപ മുതലാണ് ഒരെണ്ണത്തിന്റെ വില. വലിപ്പത്തിനനുസരിച്ചു വില താഴുകയും ചെയ്യും. സേലത്ത് നിന്നും മധുരയിൽ നിന്നുമാണ് ഈ കരിമ്പ് കൊണ്ടുവരുന്നത്. ദിവസേന ഏകദേശം 2000രൂപയുടെ കരിമ്പിന്റെ കച്ചവടം നടക്കുന്നുണ്ട് എന്നാണ് വർഷങ്ങളായി കണ്ണപ്പിൽ വാവ് വാണിഭത്തിൽ കരിമ്പു കച്ചവടകാരനായ ഒറ്റപ്പാലം സ്വദേശി മുസ്തഫ പറയുന്നത്. ആഴ്ച അവസാനത്തോടെ വാണിഭം കൂടുതൽ സജീവമാകുകയും കൂടുതൽ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനുള്ള ആളുകളും എത്തുന്നതോടെ പാതയ്ക്കിരുവശവും കച്ചവടക്കാർ നിറയും.