
മലപ്പുറം: നിയമവിരുദ്ധമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ ലോട്ടറി എഴുത്ത് ലോട്ടറി,സെറ്റ് ലോട്ടറി എന്നിവ നിയമം മൂലം നിരോധിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. 'കേരള ഭാഗ്യക്കുറി മേഖല തകർക്കുന്ന ലോട്ടറി മാഫിയകളെ നിരോധിക്കുക, കേരള ലോട്ടറിയുടെ ജി.എസ്.ടി കുറച്ച് സമ്മാന തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലപ്പുറം ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കനകൻ വള്ളിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ സജ്ജീവൻ താനൂർ,കുഞ്ഞിമുഹമ്മദ് തവനൂർ,ജില്ലാ ജനറൽ സെക്രട്ടറി ശശിധരൻ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള കുറ്റിപ്പുറം,ചന്ദ്രൻ കൂടേരി,കുരുവിള നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മനോജ് പെരിന്തൽമണ്ണ സ്വാഗതവും ഷലീജ് കുറ്റിപ്പുറം നന്ദിയും പറഞ്ഞു.