
മലപ്പുറം: എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ അത് ചെന്നെത്തുക മുഖ്യമന്ത്രിയുടെ ഓഫീസിലും എ.കെ.ജി സെന്ററിലുമാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.ഡി.എമ്മിന്റെ മരണശേഷം അദ്ദേഹം അഴിമതിക്കാരനാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ പരാതി ഉണ്ടാക്കിയത് എ.കെ.ജി സെന്ററിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും ഇതിൽ പങ്കുണ്ട്. പ്രശാന്തന്റെ കള്ള ഒപ്പിട്ട് പരാതി ഉണ്ടാക്കിയതിലൂടെ എ.ഡി.എമ്മിന്റെ കുടുംബത്തെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു. കേസിൽ പി.പി ദിവ്യയെ സി.പി.എം പൂർണ്ണമായും സംരക്ഷിക്കുകയാണ്. മാദ്ധ്യമങ്ങൾക്കെതിരെ സി.പി.എം നേതാവ് എൻ.എൻ കൃഷ്ണദാസ് ഉപയോഗിച്ച ഭാഷ മുകളിൽ മുതൽ താഴെത്തട്ട് വരെയുള്ള സി.പി.എമ്മുകാരുടെ ഭാഷയാണെന്നും സതീശൻ പറഞ്ഞു.