
നിലമ്പൂർ : ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ തറ നിർമ്മാണം പൂർത്തിയായി മാസം ആറ് കഴിഞ്ഞിട്ടും വീടെന്ന സ്വപ്നം മുന്നോട്ടുകൊണ്ടുപോവാനാവാതെ സഹോദരങ്ങൾ. ഇവരുടെ 10 സെന്റ് സ്ഥലം വനഭൂമി കൈയേറിയതാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉടക്കിട്ടതോടെയാണ് വീട് നിർമ്മാണം മുടങ്ങിയത്.
50 വർഷത്തിലേറെയായി നികുതി അടയ്ക്കുന്ന ഭൂമിയിൽ നിന്ന് തെരുവിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ
65കാരനായ നാരായണനും 59കാരി നാരായണിയും ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂരിലുള്ള നിലവിൽ താമസിക്കുന്ന ഭൂമിയിലാണ് ജനിച്ചുവളർന്നത്. പിതാവിൽ നിന്നും കൈമാറിക്കിട്ടിയ ഭൂമിയാണിത്. താമസിച്ചിരുന്ന കൊച്ചുകൂര മഴയിൽ ഏത് നിമിഷവും തകർന്നടിയാമെന്ന അവസ്ഥയായതോടെയാണ് ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചത്. ചാലിയാർ പഞ്ചായത്ത് പദ്ധതിയിൻ കീഴിൽ 20,000 രൂപ വീതം ആദ്യ ഗഡു അനുവദിച്ചു. കരാറുകാരൻ ജോലി ഏറ്റെടുത്തു. രണ്ടു വീടിന്റെയും തറയുടെ പണി പൂർത്തിയാകാറായപ്പോഴാണ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകിയത്. വനംഭൂമി കൈയേറിയ ഭൂമിയാണ് ഇവരുടേതെന്നായിരുന്നു വനംവകുപ്പിന്റെ വാദം.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് രണ്ടുമാസം മുമ്പ് നടത്തിയ സർവ്വേയിലാണ് ഇവരുടെ ഭൂമി വനഭൂമിയാണെന്ന് കണ്ടെത്തിയത്. 15 വർഷം മുമ്പ് സ്ഥാപിച്ച ജണ്ട മറികടന്നുള്ള സ്ഥലങ്ങളിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചത്. മുൻകാലങ്ങളിൽ കൈയേറ്റം നടത്തിയതാണെന്ന് വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ ഭൂമിക്ക് ആധാരവും പട്ടയവും ഉണ്ടെന്നാണ് ചാലിയാർ പഞ്ചായത്തിന്റെ നിലപാട്. ഇവർക്ക് സ്വന്തം ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ലൈഫ് പദ്ധതിയിലെ വിഹിതം തടസപ്പെട്ടതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണ് ഇരുവരും.
പിറന്നുവീണ മണ്ണിൽ നിന്ന് എങ്ങോട്ട് പോവുമെന്ന് അറിയില്ല.
നിലവിലുണ്ടായിരുന്ന വീട് പൊളിച്ചാണ് പുതിയ വീടിന് തറയൊരുക്കിയത്
നാരായണൻ
വർഷങ്ങളായി നികുതിയടച്ചു പോരുന്ന പട്ടയഭൂമിയാണ് ഇരുവരുടേതും. കുടുംബത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
തോണിയിൽ സുരേഷ്
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,
ചാലിയാർ പഞ്ചായത്ത്