d

എടക്കര: മേഖലയിൽ പൂട്ട് വീഴുന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം കൂടുന്നു.മിക്ക ബിൽഡിംഗുകളിലും റൂമുകൾ വാടകയ്ക്ക് എന്ന ബോർഡുകൾ നിരന്നിട്ടുണ്ട്. 10 വർഷം മുമ്പ് എടക്കര, ചുങ്കത്തറ മേഖലകളിൽ സി.എൻ.ജി റോഡിന് അഭിമുഖം ആയിട്ടുള്ള ഒറ്റ റൂം പോലും ഒഴിവുണ്ടായിരുന്നില്ല. ഇന്ന് റോഡിന് അഭിമുഖമായുള്ള കെട്ടിടങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന റൂമുകൾ നിരവധിയാണ്. കെട്ടിടങ്ങളുടെ മുൻഭാഗത്തെ റൂമുകൾ മാറ്റിനിറുത്തിയിൽ ഉൾഭാഗങ്ങളിലെ മിക്കവാറും കടമുറികളും ഒഴിഞ്ഞുകിടക്കുകയാണ്. മുൻപ് എടക്കരയിൽ ഒരു റൂം ലഭിക്കണമെങ്കിൽ കെട്ടിടത്തിന് തറക്കല്ലിടുമ്പോൾ തന്നെ അഡ്വാൻസ് കൊടുത്ത് എഗ്രിമെന്റ് എഴുതണമായിരുന്നു. ഇന്ന് ആ സ്ഥിതിയെല്ലാം മാറി.

അമിതമായ വാടകയാണ് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നിരക്ക് പ്രകാരം ടൗണിൽ ദിവസത്തിന് 1800-2500 രൂപയാണ് ഏറ്റവും കുറഞ്ഞ വാടകനിരക്ക് .

ഇതു തിരിച്ച് പിടിക്കാൻ പാകത്തിലുള്ള വിൽപ്പന നടക്കുന്നുമില്ല. ഓൺലൈൻ വ്യാപാരവും വൻകിട കുത്തകളുടെ കടന്നുകയറ്റവും മറ്റു കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൊബൈൽഷോപ്പുകളും ഇലക്ട്രിക് ഗൃഹോപകരണങ്ങളും മറ്റുമാണ് കൂടുതലായും തുറക്കുന്ന ഷോപ്പുകൾ. എന്നാൽ വൻകിടക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റാത്തതിനാൽ മിക്കതും എളുപ്പം പൂട്ടിപ്പോവുന്നു. വലിയ ഷോറൂമുകൾ മൊത്തം പർച്ചേസ് ചെയ്യുമ്പോൾ വലിയ ഓഫറുകൾ ലഭിക്കും. അതിനാൽ ഉപഭോക്താക്കൾക്ക് വില കുറച്ചുനൽകാൻ ഇവർക്കാവുന്നു. ചെറുകിടക്കാർക്ക് ഇവർക്കൊപ്പം നിൽക്കാനാവുന്നില്ല.

ഭൂമി വിലയിലെ വർദ്ധനവാണ് വാടക കൂട്ടുന്നതിന് കാരണമായി കടയുടമകൾ പറയുന്നത്. പൊന്നുംവില കൊടുത്തു വാങ്ങുന്ന ഭൂമിയിൽ നിർമ്മിക്കുന്ന ബിൽഡിംഗിൽ വാടക കൂട്ടിയില്ലെങ്കിൽ നിലനിൽപ്പുണ്ടാവില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.