d

കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ വൈദ്യരത്നം പി.എസ്. വാരിയർ അവാർഡ് ഡോ.വി.എസ്. നിമ്മിക്ക്. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ ദ്രവ്യഗുണ വിഭാഗത്തിൽ അസി. പ്രൊഫസറാണ്.

60,000 രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ന്യൂഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയുടെ പഞ്ചകർമ്മവിഭാഗത്തിലെ ഡോ.വൈ.എസ്. അശ്വതി, പ്രൊഫ. പി.വി. അനന്തരാമൻ ശർമ്മ, ഡോ. പ്രശാന്ത് ധർമ്മരാജൻ എന്നിവർ ചേർന്നെഴുതിയ പ്രബന്ധം രണ്ടാംസ്ഥാനത്തിന് അർഹമായി. 40,000 രൂപയും ബഹുമതി പത്രവുമാണ് പുരസ്കാരം.

ആയുർവേദത്തിൽ മൗലികമായ ഗവേഷണപഠനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നൽകുന്നതാണ് പുരസ്കാരം. ആര്യവൈദ്യശാല സംഘടിപ്പിച്ച പ്രബന്ധമത്സരത്തിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. കോട്ടയ്ക്കലിൽ സംഘടിപ്പിക്കുന്ന 61-ാമത് ആയുർവേദ സെമിനാറിൽ മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ പുരസ്‌കാരങ്ങൾ സമ്മാനിക്കും.