s

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്.സിക്ക് ആശ്വാസ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലീഗിലെ ഒന്നാമന്മാരായ കാലിക്കറ്റ് എഫ്.സിയെയാണ് അവസാന സ്ഥാനക്കാരായ തൃശൂർ തോൽപ്പിച്ചത് (1-0). ആദ്യപകുതിയിൽ കെ. പി. ഷംനാദാണ് വിജയഗോൾ നേടിയത്. എട്ട് കളികളിൽ രണ്ട് സമനില മാത്രമുണ്ടായിരുന്ന തൃശൂരിന് ലീഗിലെ ആദ്യവിജയത്തിന് ഒൻപതാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. അഞ്ച് പോയന്റാണ് തൃശൂരിന്റെ സമ്പാദ്യം. നേരത്തെ തന്നെ സെമിഫൈനൽ ഉറപ്പിച്ച കാലിക്കറ്റ് എഫ്.സി ഒൻപത് കളികളിൽ നിന്ന് 16 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. ലീഗിലെ ആദ്യ തോൽവിയാണ് ഇന്നലെ കാലിക്കറ്റ് വഴങ്ങിയത്.

പത്താം മിനിറ്റിലാണ് തൃശൂർ സ്‌കോർ ചെയ്തത്. വലതു വിംഗിൽ നിന്നുള്ള നീളൻ ത്രോബാൾ ബാക്ക് ഹെഡർ വഴി ഷംനാദ് പോസ്റ്റിലെത്തിച്ചു.

ഗോൾ മടക്കാൻ ആദ്യപകുതിയിൽ കാലിക്കറ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പാളിച്ചകൾ വിനയായി. 82-ാം മിനിറ്റിൽ തൃശൂരിന് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിച്ചെങ്കിലും നായകൻ ലൂക്കാസ് സിൽവ എടുത്ത കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. എൺപത്തിയാറാം മിനിറ്റിൽ കാലിക്കറ്റ് ഗോൾകീപ്പർ വിശാൽ ജൂൻ രണ്ടാം മഞ്ഞകാർഡും ചുവപ്പും വാങ്ങി കളംവിട്ടു.

ഇന്ന് കണ്ണൂർ വാരിയേഴ്സ് എഫ്.സി മലപ്പുറം എഫ്.സിയെ നേരിടും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. സെമിഫൈനൽ ലക്ഷ്യമിടുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. സമനില നേടിയാൽ തന്നെ കണ്ണൂർ സെമിസ്ഥാനം ഉറപ്പാക്കും. ഇന്ന് തോറ്റാലും അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ മികച്ച മാർജിനിൽ വീഴ്ത്താൻ കഴിഞ്ഞാൽ മലപ്പുറത്തിനും സെമിഫൈനൽ സാദ്ധ്യതയുണ്ട്. എട്ട് കളികളിൽ കണ്ണൂരിന് 13ഉം മലപ്പുറത്തിന് ഒൻപതും പോയന്റാണുള്ളത്.