ddd

മലപ്പുറം: ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും വളർത്തുന്നത് മുസ്ലിം ലീഗ് ആണെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ്. എസ്.ഡി.പി.ഐയുമായി ഒരു സഖ്യവുമില്ല. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമല്ല. മാർക്സിസ്റ്റ് പാർട്ടി എത്രയോ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗ് ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഒരു ഭീകര പ്രസ്ഥാനമായി കാണുന്നേയില്ല. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരസ്യമായിത്തന്നെ അവരുടെ സഹായം സ്വീകരിച്ചത്. എന്നാൽ പിണറായിയുടെ പാർട്ടി അവരുടെ വോട്ടുകളെല്ലാം നേടിയിട്ട് അവരിൽ ഭീകരത കണ്ടുപിടിച്ചത് വിചിത്രമാണ്. പി.ഡി.പിയെ കേരളത്തിൽ സഹായിച്ചതും വളർത്തിയതും അവർ തന്നെയാണ്. ബി.ജെ.പിയുമായി പിണറായി വിജയന് അടുത്ത ബന്ധമുണ്ട്. സി.പി.എം എടുക്കുന്ന സമീപനം കേന്ദ്രത്തിൽ ബി.ജെ.പി സ്വീകരിക്കുന്ന സമീപനത്തിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.