
മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാണിക്കുന്നത് വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏറനാട് നിയോജക മണ്ഡലത്തിലെ അരീക്കോട് തെരട്ടമ്മലിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ദുരന്തബാധിതർക്ക് ഇതുവരെ കേന്ദ്ര സർക്കാർ ധനസഹായം നൽകിയിട്ടില്ല. ഇതേ അവസ്ഥയാണ് ഹിമാചൽപ്രദേശിലും കണ്ടത്. ഇവരുടെ വില കുറഞ്ഞ രാഷ്ട്രീയം മൂലം വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ദേശീയദുരന്തമായി അതിനെ പ്രഖ്യാപിക്കുന്നില്ല. അവിടെയും നഷ്ടപരിഹാരം നൽകിയില്ല. ഇപ്പോൾ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയെന്ന ആശയം ഉണ്ടായിരിക്കുന്നത്. ഒരുതുള്ളി രക്തം പോലും ചിന്താതെ അഹിംസയുടെ സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇത്രയും വൈവിധ്യമുള്ള രാജ്യത്ത് എല്ലാവരും സൗഹാർദത്തോടെ ജീവിക്കുന്നു. സാധാരണ ജനങ്ങളെ ഏറ്റവും ഉയരത്തിൽ പ്രതിഷ്ഠിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. ജനാധിപത്യം കൊണ്ട് അർത്ഥമാക്കുന്നത് അതാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് ഈ രാജ്യത്തിന്റെ സ്വത്വത്തെക്കുറിച്ച യാതൊരു ബോധവുമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ ഇന്നലെ പ്രിയങ്ക പ്രചാരണത്തിനെത്തി.
ഫുട്‌ബാൾ ഗ്രൗണ്ടിൽ
ഫുട്‌ബാൾ മത്സരം നടക്കുന്ന എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഫുട്‌ബാൾ സ്റ്റേഡിയത്തിലേക്ക് പ്രിയങ്ക ഗാന്ധിയെത്തി. മമ്പാടിലെ പൊതുയോഗത്തിലേക്കുള്ള യാത്രാമദ്ധ്യേഗ്രൗണ്ടിലെത്തിയ പ്രിയങ്ക 15 മിനിറ്റോളം മത്സരം വീക്ഷിച്ചു. കളിക്കാർക്ക് ഹസ്തദാനം നൽകി. കോച്ചുമാരുമായും സംസാരിച്ചു. കെ.സി. വേണുഗോപാൽ എം.പി, എ.പി. അനിൽ കുമാർ എം.എൽ.എ തുടങ്ങിയവർ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.