
മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിൽ ആവേശത്തുടക്കം. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ മൂന്നിടങ്ങളിലായി സംഘടിപ്പിച്ച കോർണർ മീറ്റിംഗുകളിലേക്ക് സ്ത്രീകൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമെത്തി. സ്ഥാനാർത്ഥിത്വത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ പ്രിയങ്കയെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മൂന്നിടങ്ങളിലും അരമണിക്കൂറോളം നീണ്ട പ്രസംഗങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങളെ പ്രിയങ്ക നിശിതമായി വിമർശിച്ചു. കോഴിക്കോട് തിരുവമ്പാടിയിലെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12.30ഓടെ അരീക്കോട് തെരട്ടമ്മലിൽ ആയിരുന്നു മലപ്പുറത്തെ ആദ്യ പ്രചാരണ യോഗം.
തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പ്രിയങ്ക വേദിയിലേക്ക് എത്തിയത്. മുത്തുക്കുടയുടെ അകമ്പടിയോടെ പ്രവർത്തകർ പ്രിയങ്കയെ സ്വീകരിച്ചു. മമ്പാടിലെ പ്രചാരണ യോഗത്തിലേക്കുള്ള യാത്രാമദ്ധ്യേ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലെ ഫുട്ബാൾ മത്സരം കാണാൻ പ്രിയങ്കയെത്തി. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ച പ്രിയങ്ക കളിക്കാരുമായി പരിചയപ്പെട്ടു. പ്രിയങ്കയുടെ വരവറിഞ്ഞ് നിരവധി പേർ തടിച്ചുകൂടി. ഹസ്തദാനം ചെയ്യാനും ഫോട്ടോയെടുക്കാനും തിരക്കുകൂട്ടി. കുണ്ടുതോട് പാലത്തിന് സമീപം വാഹനം ഒതുക്കിനിറുത്തിയ ശേഷം കൈവശം കരുതിയ ഉച്ച ഭക്ഷണം പ്രിയങ്ക കഴിച്ചു. ഉച്ചയ്ക്ക് രണ്ടോടെ മമ്പാടും വൈകിട്ട് അഞ്ചോടെ ചുങ്കത്തറയിലും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ എം.പി, ദീപാ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.പി. അനിൽകുമാർ എം.എൽ.എ, ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.
ബി.ജെ.പി വിദ്വേഷവും വെറുപ്പും പകയും പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി
അരീക്കോട്: ജനങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും പകയും പ്രചരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തെ വലിയ അഞ്ചോ ആറോ വ്യവസായികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള തരത്തിലാണ് ബി.ജെ.പി നയങ്ങൾ രൂപീകരിക്കുന്നത്. ഇതുമൂലം രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു. എങ്ങനെയെങ്കിലും രാജ്യത്ത് അധികാരത്തിൽ നിലനിൽക്കുകയെന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. പത്ത് വർഷമായി രാജ്യമിത് കണ്ടുകൊണ്ടിരിക്കുന്നു. ഇതേ രാഷ്ട്രീയമാണ് അവർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരോടും കാണിക്കുന്നത്. വയനാട്ടിലെ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലി ലഭിക്കണം, ഫുട്‌ബോൾ കളിക്കുന്ന യുവാക്കൾക്ക് പരിശീലനം ലഭിക്കണം, കായിക മേഖലയിലടക്കം വലിയ പദ്ധതികൾ വരണം. വിദ്വേഷത്തിന്റെ അങ്ങാടിയിൽ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് രാഹുൽഗാന്ധി ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. ആ കട ആദ്യം തുറന്നത് വയനാട്ടിലാണ്. രാഹുലിനെ കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് ബി.ജെ.പി നിരവധി കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലോക്‌സഭാംഗത്വം എടുത്തു കളഞ്ഞു, ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. നുണ പ്രചാരണങ്ങളിലൂടെ പരമാവധി അധിക്ഷേപിക്കാൻ ശ്രമിച്ചു. എന്നിട്ടൊന്നും രാഹുൽ സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെന്നും പ്രിയങ്ക പറഞ്ഞു.
കേന്ദ്ര സർക്കാർ കർഷകരെ കബളിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി
മമ്പാട്: കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കർഷകരെ കബളിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാട് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കൊവിഡ് സമയത്ത് സംരക്ഷിക്കുന്നതിന് പകരം ജനങ്ങളോട് കൈകൊട്ടാൻ പറയുകയാണ് പ്രധാനമന്ത്രി ചെയ്തത്. കർഷകർ ഡൽഹിയിലേക്ക് മാർച്ചുമായി വന്നപ്പോൾ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ രണ്ട് മിനിറ്റ് പോലുമില്ലായിരുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ അടിസ്ഥാനം ഭഗവത് ഗീതയും ഖുർആനും ബൈബിളും നൽകിയ ആശയധാരകളാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ജനങ്ങളെ വിഭജിച്ച് അതിൽ മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബി.ജെ.പി രാജ്യത്ത് വിഭാഗീയത പടർത്തി കൊണ്ടിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾക്ക് ഉപദ്രവം മാത്രമാണ് ഉണ്ടാകുന്നത്. ജനങ്ങളിൽ വർഗീയ വിഭജനം ഉണ്ടാക്കുന്നതിന് വേണ്ടി വൈകാരികമായ പ്രശ്നങ്ങളാണ് അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ കുറിച്ച് അവർ സംസാരിക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാത്തവരെക്കുറിച്ച് അവർക്കൊന്നും പറയാനില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം തകർന്നടിഞ്ഞ ചെറുകിട മേഖലയെ കുറിച്ച് മിണ്ടുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.