കാളികാവ്: വനാതിർത്തി പങ്കിടുന്ന ചോക്കാട് പഞ്ചായത്തിൽ കാട്ടു പന്നി ശല്യം രൂക്ഷം. മനുഷ്യ ജീവനും കൃഷിക്കും കടുത്ത ഭീഷണി. ഭീഷണിയായ പന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് അധികൃതർ പന്നി വേട്ടക്ക് ലൈസൻസ് പുതുക്കി നൽകുന്നില്ലെന്ന് കർഷകർക്ക് പരാതി. കഴിഞ്ഞ മാർച്ചിൽ കാലാവധി അവസാനിച്ച ലൈസൻസ് പുതുക്കുന്നതിനു വേണ്ടി കർഷക സംഘം അപേക്ഷ ഫെബ്രുവരിയിൽ നൽകിയിരുന്നു. എന്നാൽ ഇതുവരെ പുതുക്കി നൽകിയില്ലെന്ന് കർഷക പ്രതിനിധി അർഷദ് ഖാൻ പറഞ്ഞു. ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപിണക്കമാണ് കാരണമെന്നും കർഷകർ പറയുന്നു. ഭീഷണിയായ പന്നികളെ കൊന്നൊടുക്കുന്നതിന് അനുമതി നൽകാൻ അടുത്തിടെയാണ് സംസ്ഥാന സർക്കാർ പഞ്ചായത്തിന് അധികാരം നൽകിയത്. പന്നികളെ കൊന്നൊടുക്കുന്നതിന് അംഗീകൃത തോക്കുലൈസൻസുള്ള എം പാനൽ ലിസ്റ്റിൽ പെട്ട ഷൂട്ടർമാർക്ക്കാണ് പന്നികളെ വെടി വെക്കാൻ അനുമതിയുള്ളത്. പന്നിശല്യം കാരണം ചോക്കാട് പഞ്ചായത്തിൽ മിക്ക കർഷകരും കൃഷി നിർത്തിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ചോക്കാട്ട് ഒരാളെ പന്നി മാരകമായി പരിക്കേൽപ്പിച്ചിരുന്നു. പോരൂർ, തുവ്വൂർ, കാളികാവ് കരുവാരക്കുണ്ട് പഞ്ചായത്തുകളിൽ പന്നി വേട്ട നടത്തുന്നതിന് ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. ഇതേ സംഘം തന്നെയാണ് ചോക്കാട് പഞ്ചായത്തിലും അപേക്ഷ നൽകിയിട്ടുള്ളത്. എന്നാൽ ചോക്കാട് പഞ്ചായത്ത് അധികൃതർ ദുർന്യായങ്ങൾ നിരത്തുകയാണെന്നാണ് ആക്ഷേപം. കൊല്ലുന്ന പന്നികളെ കുഴിച്ചിടുന്നതിനൊ ഷൂട്ടർമാർക്ക് ചിലവ് വരുന്നതിന്' പണം നൽകുന്നതിനൊ പഞ്ചായത്തധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.പന്നി വേട്ടയുമായി ബന്ധപ്പെട്ട് കർഷക സംഘം നൽകിയ അപേക്ഷ പരിശോധിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ് എ.പി.സിറാജ് പറഞ്ഞു.