
കാളികാവ്: ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി തുടങ്ങിയ ജൽ ജീവൻ പദ്ധതി മന്ദഗതിയിൽ. നിർമ്മാണത്തിലെ കാല താമസം കുടിവെള്ളം ഇനിയും വൈകാനിടയാക്കും. കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത 44715 കോടിയുടെ പദ്ധതിയാണ് ജൽ ജീവൻ. പദ്ധതിയുടെ മൊത്തം ചെലവിലെ 50 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടത്. കരാർ ഏറ്റെടുത്ത കമ്പനികൾക്ക് വൻ കുടിശ്ശിക ലഭിക്കാനുള്ളതുകൊണ്ടാണ് നിർമ്മാണം മെല്ലെപോകാൻ കാരണം. 2024 ൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി കാളികാവ് ചോക്കാട് പഞ്ചായത്തുകളിൽ വളരെ പതുക്കെയാണ് നിർമ്മാണം നടക്കുന്നത്. 
ചോക്കാട് പഞ്ചായത്തിൽ ജല സംഭരണികളുടെ നിർമ്മാണം നടക്കുന്നുണ്ട്. പകുതിയോളം ഭാഗങ്ങളിൽ പൈപ്പു ലൈനുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കാളികാവ് പഞ്ചായത്തിൽ ഇതുവരെ ജല സംഭരണിയുടെ സ്ഥലമേറ്റെടുപ്പുപോലും നടന്നിട്ടില്ല. കരുവാരക്കുണ്ട് കാളികാവ് പഞ്ചായത്തുകളിലേക്ക് വെള്ളം സപ്ലെ ചെയ്യുന്നതിനുള്ള ടാങ്ക് സ്ഥാപിക്കുന്നത് നീലാഞ്ചേരിയിലാണ്. ഇതിനുള്ള സ്ഥലം കണ്ടെത്തിയെന്നല്ലാതെ വസ്തു റജിസ്ട്രേഷൻ നടത്തിയിട്ടില്ല.
ജല സംഭരണിയുടെയും ശുദ്ധീകരണ പ്ലാന്റിന്റെയും സ്ഥലം ഏറ്റെടുത്ത് നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.എന്നാൽ കാളികാവ് കരുവാരക്കുണ്ട് പഞ്ചായത്തുകൾ കാലതാമസം വരുത്തിയതായി ആക്ഷേപമുയർന്നിട്ടുണ്ട്.
ചോക്കാട് പഞ്ചായത്തിലെ നാൽപ്പത് സെന്റിലാണ് ചോക്കാടിന്റെ പ്രധാന സംഭരണി നിർമ്മിക്കുന്നത്. 21ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിനും നാലരകിലോമീറ്റർ ക്ലിയർ വാട്ടർ ലൈനിനുമായി 10.74 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത് .
കാളികാവ് പഞ്ചായത്തിലെ സ്ഥലമെടുപ്പും പിഡബ്ലിയുഡി അനുമതി പത്രവും ലഭിക്കുവാൻ ഇനിയും താമസം വരും. ഇതോടെ 2025ലും പദ്ധതി പൂർത്തീകരിക്കാൻ കഴിയുമോ എന്നും ആശങ്കയുണ്ട്.