ai
മുതലമട കള്ളിയമ്പാറ വേലങ്കാട് വനമേഖലയിൽ സ്ഥാപിച്ച തെർമ്മൽ എ.ഐ ക്യാമറ യൂണിറ്റ്.

 ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ സന്ദേശമെത്തും

മുതലമട: കാട്ടാനശല്യം രൂക്ഷമായ മേഖലയിൽ തെർമ്മൽ എ.ഐ(നിർമ്മിത ബുദ്ധി) ക്യാമറകൾ സ്ഥാപിച്ചു. മുതലമട കള്ളിയമ്പാറ പറയമ്പള്ളം വേലക്കാട്ടിലാണ് സ്വാകാര്യ നിർമ്മാണ കമ്പനി പരീക്ഷണടിസ്ഥാനത്തിൽ എ.ഐ ക്യാമറ യൂണിറ്റ് സ്ഥാപിച്ചത്. പദ്ധതി വിജയകരമായാൽ വനംവകുപ്പിന്റെ നിരീക്ഷണ മേഖലകളിലും ഉൽക്കാടുകളിലും കൃഷിയിടങ്ങളിലും സോളാർ തൂക്ക് വേലിയിലും സമാന രീതിയിലുള്ള ക്യാമറ യൂണിറ്റുകൾ സ്ഥാപിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. കാട്ടാന ശല്യത്തിൽ കർഷകർ പൊറുതിമുട്ടുന്ന മേഖലയാണ് വേലങ്കാട്, മാത്തൂർ,പറയംമ്പള്ളം, പേഴുംപൊറ്റ തുടങ്ങിയ ഇടങ്ങൾ. 10 ദിവസം കഴിഞ്ഞാൽ കൊയ്യാൻ പരുവമായി നിൽക്കുന്ന ഹെക്ടർ കണക്കിന് നെൽപ്പാടങ്ങളാണ് കാട്ടാനകൾ ആക്രമിച്ച് നശിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ കാട്ടാനകൾ കൂട്ടമായി എത്തി സമാന രീതിയിൽ നെൽകൃഷി നശിപ്പിച്ചിരുന്നു. വനംവകുപ്പ് കൃത്യമായി ആനകളെ വനത്തിലേക്ക് ഓടിച്ചു കയറ്റിയാലും അടുത്ത ദിവസം തന്നെ അവ കൃഷിയിടങ്ങളിൽ എത്തുക പതിവാണ്. കാട്ടാന ഉൾപ്പെടെ വന്യജീവി ശല്യത്തിൽ പൊറുതി മുട്ടിയിരിക്കെ സ്ഥാപിച്ച തെർമ്മൽ എ ഐ ക്യാമറകൾ കർഷകർക്കും വനം വകുപ്പ് അധികൃതർക്കും നാട്ടുകാർക്കുമെല്ലാം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

 25 ശബ്ദങ്ങൾ പുറപ്പെടുവിക്കും

തെർമ്മൽ എ.ഐ ക്യാമറകൾക്ക് വനത്തിൽ 50 മീറ്റർ ചുറ്റളവിലും തുറസായ സ്ഥലങ്ങളിൽ 100 മീറ്റർ പരിധിയിലും ആനകളെ തിരിച്ചറിയാനാകുമെന്ന് ക്യാമറ സ്ഥാപിക്കുന്ന സ്വകാര്യ കമ്പനി പറയുന്നു. ആനകളുടെ സാന്നിധ്യം ക്യാമറയിൽ പതിയുന്ന മുറയ്ക്ക് വനംവകുപ്പിനും കർഷകർക്കും സന്ദേശം എത്തും. ആനകളെ ഓടിക്കാനുള്ള 25 ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ക്യാമറ യൂണിറ്റിന് സാധിക്കും. ഇതുവഴി ആനകളുടെ ശല്യം ഇല്ലാതാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.