മുതലമട: കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്തും ആദിവാസി ജനസംഖ്യ കൂടുതലുമുള്ള മുതലമടയിൽ അങ്കണവാടിയിലെ കുട്ടികൾക്ക് പോഷകാഹാരമില്ല. 42 അങ്കണവാടികളുള്ള മുതലമടയിൽ ഭൂരിഭാഗം അങ്കണവാടിയിലും സമാന സ്ഥിതിയാണ്. സപ്ലൈകോ വഴിയാണ് അങ്കണവാടികളിൽ സാധനം എത്തുന്നത്. ജില്ലാ ഡിപ്പോയിൽ സാധനങ്ങളുടെ ഇൻടെന്റ് പ്രാദേശിക സപ്ലൈകോ മാവേലി സ്റ്റോർ വഴി എത്താൻ വൈകിയതാണ് അങ്കണവാടികളിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. സാധാരണഗതിയിൽ പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലെയും സാധനങ്ങളുടെ ലഭ്യതക്കുറവും ആവശ്യസാധനങ്ങളുടെ കണക്കും ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ സപ്ലൈകോ ഒ.എ.സി വഴി ജില്ലാ ഡിപ്പോയിൽ അയക്കുകയും പ്രാദേശിക മാവേലി സ്റ്റോറുകളിൽ സാധനം എത്തിക്കുകയും ചെയ്യും. തുടർന്ന് കണക്ക് പ്രകാരം അങ്കണവാടികളിൽ വിതരണത്തിനെത്തും. മുതലമടയിലെ 42 അങ്കണവാടികളിലായി മുന്നൂറിലധികം കുട്ടികളാണുള്ളത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മയ്ക്കും കുഞ്ഞിനുമുള്ള ആഹാര സാധനങ്ങളും അങ്കണവാടികൾ മുഖാന്തിരമാണ് വിതരണത്തിന് എത്തുക.
നിലവിൽ അങ്കണവാടികളിൽ കുട്ടികൾക്ക് കഞ്ഞി വെക്കാനുള്ള അരി പോലും കുറവാണ്. അതേസമയം പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും വരും ദിവസങ്ങളിൽ പയർ, ചെറുപയർ, ശർക്കര, ഗോതമ്പ്, എണ്ണ, പരിപ്പ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യാനാകുമെന്നും സപ്ലൈകോ ജില്ലാ ഡിപ്പോയിൽ നിന്ന് അറിയിച്ചു.
അങ്കണവാടികളിലേക്കുള്ള സാധനങ്ങൾക്ക് യാതൊരു ക്ഷാമവുമില്ല. പ്രാദേശിക സപ്ലൈകോ മാവേലി സ്റ്റോറിൽ നിന്നാണ് അങ്കണവാടികളിലേക്കുള്ള സാധനങ്ങളുടെ ഇൻഡെന്റ് ഓർഡർ ലഭിക്കുക. നിലവിലെ ഓർഡർ അനുസരിച്ചുള്ള സാധനങ്ങൾ അടുത്ത ദിവസം തന്നെ അങ്കണവാടികളിലെത്തും.
-മോളി, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ.