പാലക്കാട്: പട്ടികജാതി വകുപ്പിന് കീഴിലെ ഗവ. മെഡിക്കൽ കോളേജ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി പ്രവർത്തനസജ്ജമായില്ല. പഠനസൗകര്യങ്ങളുടെ അപര്യാപ്തതയും അദ്ധ്യാപകരുടെ കുറവുമെല്ലാം പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് ആക്ഷേപം. 2014 സെപ്തംബർ 19നാണ് ഗവ. മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. എന്നാൽ 10 വർഷത്തിനിപ്പുറവും അടിയന്തര സാഹചര്യങ്ങളിൽ തൃശൂർ മെഡിക്കൽ കോളേജിനെയോ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് പാലക്കാട്ടെ ജനം.
കിടത്തി ചികിത്സ നിലച്ചു
10 വർഷമായിട്ടും കിടത്തിച്ചികിത്സ ആരംഭിക്കാനായിട്ടില്ല എന്നതാണ് പാലക്കാട് ഗവ. മെഡിക്കൽ കോളജ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിടത്തിച്ചികിത്സ തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും മെഡിക്കൽ കോളേജിന് ഇതുവരെ ഫയർ എൻ.ഒ.സി ലഭിച്ചിട്ടില്ല. മൂവാറ്റുപുഴ കേന്ദ്രമായ സ്വകാര്യ കരാറുകാരാണ് മെഡിക്കൽ കോളേജ് നിർമ്മാണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല. നിർമ്മാണ സമയത്ത് കരാറുകാർ എൻ.ഒ.സിക്കായി അപേക്ഷ നൽകിയിട്ടില്ലെന്നാണ് പറയുന്നത്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാതെ കിടത്തിച്ചികിത്സ തുടങ്ങുന്നത് അപകടമാണ്.
ഇനീഷ്യൽ കമ്മിഷൻ, ഫൈനൽ കമ്മിഷൻ എന്നിങ്ങനെ രണ്ട് തരത്തിൽ എൻ.ഒ.സിക്കായി അഗ്നിരക്ഷാസേനയിൽ അപേക്ഷ നൽകാം. നിർമ്മാണം തുടങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ പ്ലാൻ ഉൾപ്പെടെ നൽകുന്നതാണ് ഇനിഷ്യൽ കമ്മിഷൻ. സുരക്ഷ സംവിധാനങ്ങളൊരുക്കുന്നതിൽ പോരായ്മകളുണ്ടെങ്കിൽ ഈ സമയത്ത് അറിയിക്കും. കെട്ടിട നിർമ്മാണം കഴിഞ്ഞ ശേഷം അപേക്ഷ നൽകുന്നതാണ് ഫൈനൽ കമ്മിഷൻ. ഈ ഘട്ടത്തിൽ പോരായ്മകൾ കണ്ടെത്തിയാൽ കെട്ടിടം പൊളിച്ചുമാറ്റേണ്ട സ്ഥിതിയുണ്ടാകും. നിലവിൽ മെഡിക്കൽ കോളേജിലെ സുരക്ഷാസംവിധാനങ്ങളിൽ ചില മാറ്റങ്ങൾ ഫയർഫോഴ്സ് നിർദേശിച്ചിട്ടുണ്ട്.
അദ്ധ്യാപകരുടെ കുറവ് നികത്തും
അദ്ധ്യാപകരുടെ കുറവ് നികത്താൻ ആഗസ്റ്റിൽ നടത്തിയ അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 പേർക്ക് നിയമന ഉത്തരവ് നൽകിയതായി മെഡിക്കൽ കോളേജ് ഡയറക്ടർ പറഞ്ഞു. 30 ജൂനിയർ റസിഡന്റുമാർ, രണ്ട് സീനിയർ റസിഡന്റുമാർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്നിവർക്കാണ് നിയമന ഉത്തരവ് നൽകിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനങ്ങൾക്കും നടപടി പുരോഗമിക്കുന്നുണ്ട്. ജൂലായിൽ കൂടിക്കാഴ്ച നടത്തി 34 പേർക്ക് നിയമന ഉത്തരവ് നൽകിയിരുന്നു. ഇതിൽ 14 പേർ നിയമിതരായെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചതോടെയാണ് വീണ്ടും അഭിമുഖം നടത്തേണ്ടി വന്നത്.