kannan

ടുണീഷ്യയിൽ വിമാനം പറത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ

പാലക്കാട്: ആഫ്രിക്കൻ നീലാകാശം കീഴടക്കുമ്പോൾ എം.കണ്ണന് പ്രായം പതിനേഴ്. പാലക്കാട്ടെ വീട്ടിലിരുന്ന് കണ്ട ആകാശ സ്വപ്നങ്ങൾ എത്തിപ്പിടിച്ച കണ്ണൻ, ടുണീഷ്യൻ വ്യോമമേഖലയിൽ വിമാനം പറത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി. ആഗസ്റ്റ് 14നാണ് ടുണീഷ്യയിൽ നാലുസീറ്റുള്ള ഡയമണ്ട് ബി.എ 40 വിമാനത്തിൽ കണ്ണൻ പറന്നത്.

പറളി കിണാവല്ലൂർ പത്മശ്രീ'യിൽ എം.കെ.മുകേഷിന്റെയും കെ.സി.സരിതയുടെയും മകനാണ്.

പൈലറ്റാകണമെന്ന് ചെറുപ്പത്തിലേ മനസിലുറപ്പിച്ചതാണ്. പറളി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു കഴിഞ്ഞ് തൃശൂരിലുള്ള 'റയാൻ എയർ' ഫ്‌ളൈയിംഗ് സ്ഥാപനത്തിൽ ചേർന്നു. എയർ നാവിഗേഷൻ, മെറ്റീരിയോളജി, എയർ റെഗുലേഷൻ പരീക്ഷകളും ക്ലാസ് 1, ക്ലാസ് 2 മെഡിക്കൽ പരിശോധനകളും പൂർത്തിയാക്കിയാണ് പൈലറ്റ് പരിശീലനം ആരംഭിച്ചത്. കൊമേഴ്സ്യൽ പൈലറ്റ് പരിശീലനത്തിനെത്തിയ കണ്ണന്റെ മികവ് തിരിച്ചറിഞ്ഞ ക്യാപ്റ്റൻ വികാസ് വിക്രം ദാസ് നായരാണ് ടുണീഷ്യയിലേക്കുള്ള വഴി തുറന്നത്. ടുണീഷ്യയിലെ സേഫ് ഫ്‌ളൈറ്റ് അക്കാഡമിയുടെ സ്‌കോളർഷിപ്പോടെയുള്ള പരിശീലനത്തിലാണ് കണ്ണന് വിമാനം പറപ്പിക്കാൻ അവസരം ലഭിച്ചത്. ഇന്ത്യയിൽ കൊമേഴേസ്യൽ പൈലറ്റ് ലൈസൻസിനുള്ള കുറഞ്ഞ പ്രായം 18 ആണ്. സഹോദരൻ ഏഴാം ക്ലാസുകാരനായ നന്ദൻ വാൾപ്പയറ്റിൽ ദേശീയതലത്തിൽ മത്സരിച്ചിട്ടുണ്ട്.

സ്പോർട്ട്സ് ആംസ് ലൈസൻസി

ഷൂട്ടിംഗ് താരം കൂടിയായ കണ്ണൻ ഏറ്റവും പ്രായം കുറഞ്ഞ സ്‌പോർട്സ് ആംസ് ലൈസൻസിയുമാണ്. 2020ൽ 13 വയസിൽ തോക്ക് ലൈസൻസ് നേടി. 25 മീറ്റർ സ്‌പോർട്സ് പിസ്റ്റൾ, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ, 50 മീറ്റർ ഫ്രീ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.