
പാലക്കാട്: ജില്ലയിൽ പലയിടത്തും കൊയ്ത്ത് ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരണം നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. നാല്പതോളം മില്ലുകൾ സംഭരണത്തിന് തയ്യാറായി സപ്ലൈകോയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഇവർക്ക് പാടശേഖരങ്ങൾ അനുവദിച്ചുനൽകുന്നതിന് കാലതാമസം നേരിടുന്നതാണ് പ്രതിസന്ധി. 40,000 കർഷകർ രജിസ്റ്റർ ചെയ്തതിൽ 200 പേരുടെ അപേക്ഷ മാത്രമാണ് കൃഷി ഓഫീസർമാർ സ്ഥിരീകരിച്ചത്. ഈ പ്രക്രിയ വേഗത്തിലായാലേ പാടശേഖരം അനുവദിക്കൽ വേഗത്തിലാകൂ. നിലവിൽ ചിറ്റൂർ ഒഴികെയുള്ള താലൂക്കുകളിൽ കൊയ്ത്ത് അതിവേഗം പുരോഗമിക്കുകയാണ്.
നെല്ലുസംഭരണത്തിനുള്ള ഫീൽഡ് ജീവനക്കാരുടെ കരാർ നിയമനവും കൃഷിവകുപ്പിൽ നിന്ന് ജോലി ക്രമീകരണത്തിലുള്ള നിയമനവും ഇതുവരെയായി നടന്നിട്ടില്ല. കൃഷിവകുപ്പ് നിയോഗിക്കുന്ന 20 കൃഷി അസിസ്റ്റന്റുമാരുടെ പട്ടിക തയ്യാറായിട്ടുണ്ട്. ഇവരുടെ നിയമനോത്തരവ് ഉടനിറങ്ങിയേക്കുമെന്നാണ് സൂചന. കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. 40 പേരെയാണ് മുൻവർഷങ്ങളിൽ നിയോഗിച്ചത്. 80 പേരെ നിയമിച്ച് തൊഴിൽദിനങ്ങളുടെ എണ്ണം ക്രമീകരിച്ച് ഫീൽഡ് പ്രവർത്തനം വേഗത്തിലാക്കാൻ സപ്ലൈകോയ്ക്ക് ആലോചനയുണ്ട്. നിയമനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സംഭരണം വൈകിയാൽ സമരമെന്ന്
സംഭരണം വൈകുന്നതിനെതിരേ കർഷക സംരക്ഷണസമിതി. സംഭരണവില നിശ്ചയിച്ച് നെല്ലെടുപ്പ് ഉടൻ ആരംഭിക്കണം. കൊയ്ത നെല്ല് മഴകൊള്ളാതെ സൂക്ഷിക്കാൻ ജില്ലയിലെ കർഷകർ കഷ്ടപ്പെടുകയാണ്. സംഭരണം വൈകിപ്പിച്ചാൽ സമരം ആരംഭിക്കാനാണ് സമിതിയുടെ തീരുമാനമെന്ന് പ്രസിഡന്റ് വി.വിജയൻ, രക്ഷാധികാരി കെ.ചിദംബരൻകുട്ടി, ജനറൽ സെക്രട്ടറി പി.പ്രഭാകരൻ എന്നിവർ പറഞ്ഞു. സംഭരണം വൈകുന്നതിലും താങ്ങുവില പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച 10ന് കുഴൽമന്ദം കൃഷിഭവന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തുമെന്ന് പ്രസിഡന്റ് ഐ.സി.ബോസ് പറഞ്ഞു.
ലോഡിംഗ് പോയിന്റിൽ തർക്കം തീരുന്നില്ല
ജില്ലയിൽ നെല്ലുസംഭരണ നടപടി ആരംഭിക്കാനിരിക്കെ കയറ്റുകേന്ദ്രം സംബന്ധിച്ച് കർഷകരും ആധികൃതരും തമ്മിലുള്ള തർക്കം തീരുന്നില്ല. ഒരു പാടശേഖരത്തിലെ കർഷകരുടെയെല്ലാം നെല്ലിന്റെ ലോഡിംഗ് പോയിന്റ് ഒരിടത്താകണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്ന് ദേശീയ കർഷകസംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. മുൻവർഷങ്ങളിലേതുപോലെ ഒരോ കർഷകനും സംഭരിച്ചിടത്തുനിന്ന് മില്ലുകാർവന്ന് നെല്ലുകൊണ്ടുപോകണമെന്നാണ് ഇവരുടെ ആവശ്യം.