പാലക്കാട്: ഷൊർണൂർ-പാലക്കാട് റെയിൽവേ ലൈനും പൊള്ളാച്ചി ലൈനും ബന്ധിപ്പിക്കുന്ന ബൈപാസ് ട്രാക്കിന് ആദ്യ സിഗ്നൽ ലഭിച്ചു. പുതിയ ലൈനിനു റെയിൽവേ എറണാകുളം കൺസ്ട്രക്ഷൻ വിഭാഗം വിശദമായ പദ്ധതി രൂപരേഖ(ഡി.പി.ആർ) തയാറാക്കും. രണ്ടു കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈനിനു വേണ്ടിയുള്ള പദ്ധതിയാണു തയാറാക്കുക. ഒരിടത്ത് അടിപ്പാത നിർമ്മിക്കണം. കാവിൽപ്പാട് പഴയ റെയിൽവേ ഗേറ്റിൽ നിന്നു തുടങ്ങി പാലക്കാട്-ഷൊർണൂർ റൂട്ടിലെ പറളിയിൽ ചേരുന്ന ട്രാക്കിനാണു നിർദ്ദേശം. ഭൂമി ലഭ്യമാക്കുന്നതിനും ട്രാക്ക് സ്ഥാപിക്കുന്നതിനും ഉൾപ്പെടെ ഏകദേശം 350 കോടി രൂപ ചെലവു വരും. ഡി.പി.ആർ തയാറാക്കിയാൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ വിലയിരുത്തലിന് ശേഷം അക്കൗണ്ട്സ് വിഭാഗത്തിന് കൈമാറും. തുടർന്നു ജനറൽ മാനേജരുടെ വിശദപരിശോധനയ്ക്കും മാറ്റങ്ങൾക്കും ശേഷം റെയിൽവേ ബോർഡിനു കൈമാറും. ബോർഡാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകേണ്ടത്.
എൻജിൻ മാറേണ്ട, കാത്തുകിടക്കേണ്ട
ഭാവിയിൽ പൊള്ളാച്ചി പാതയിലൂടെ കൂടുതൽ ചരക്കുട്രെയിനുകൾ ഉൾപ്പെടെ വരുമ്പോൾ അനുഭവപ്പെടാവുന്ന ഗതാഗത തടസം ഒഴിവാക്കാനാണ് ബൈപാസ് ട്രാക്ക് എന്ന ആശയം ഉയർന്നത്. ബൈപാസ് ട്രാക്ക് ഇല്ലാത്തതിനാൽ നിലവിൽ പൊള്ളാച്ചി ലൈനിൽ പാലക്കാട് ടൗൺ സ്റ്റേഷൻ വഴി തിരുവനന്തപുരം, മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിലെത്തിയ ശേഷം യുടേൺ എടുത്ത് എൻജിൻ ദിശ മാറ്റിയാണു യാത്ര തുടരുന്നത്. ഇതിനായി 40 മിനിറ്റ് അധികമെടുക്കും. മാത്രമല്ല പാലക്കാട് ജംഗ്‌ഷൻ സ്റ്റേഷനിലെ തിരക്ക് വർദ്ധിക്കാനും ഇതു കാരണമാകുന്നുണ്ട്. ബൈപാസ് ട്രാക്ക് യാഥാർത്ഥ്യമാകുന്നതോടെ പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ കയറുകയോ, എൻജിൻ മാറ്റുകയോ ചെയ്യാതെ ട്രെയിനുകൾക്ക് യാത്ര തുടരാം. നിർമ്മാണത്തിലുള്ള രാമേശ്വരം പാലം സ്റ്റേഷനും പാലക്കാട് പിറ്റ്‌ലൈനും യാഥാർഥ്യമാകുന്നതോടെ കൂടുതൽ ട്രെയിനുകൾ ഇതുവഴി വരുമെന്നാണു കരുതുന്നത്.