ചിറ്റൂർ: തട്ടുകടകകളുടെ ശുചിത്വ നിലവാരം ഉറപ്പാക്കാൻ ' ഓപ്പറേഷൻ ഓംലെറ്റ് ' എന്ന പേരിൽ രാത്രികാല പരിശോധനയുമായി ആരോഗ്യ വകുപ്പ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ അത്തിക്കോട് മുതൽ കൊഴിഞ്ഞാമ്പാറ വരെയുള്ള തട്ടുകടകളിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലതീഷ്, അബ്ദുൽ വാഹിദ്, ഋഷി ജിത്, നെൽസൺ എന്നിവർ പരിശോധന നടത്തിയത്.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ മലിനമായ പരിസരങ്ങളിലാണ് മിക്ക തട്ടുകടകളും പ്രവർത്തിക്കുന്നതെന്നും ന്യൂനതകൾ പരിഹരിക്കാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. തുടർ പരിശോധനയിൽ വീഴ്ചകൾ കണ്ടാൽ കർശന നടപടികൾ സ്വീകരിക്കും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ പകർച്ച വ്യാധികൾ പിടിപെടാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.