 
പാലക്കാട്: കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പ്രവൃത്തികൾ പൂർത്തീകരിക്കാൻ കാലതാമസം വരുന്നതുമൂലം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാതിരിക്കുവാൻ ജില്ലാ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണം. പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ വികസന കോഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി(ദിശ) യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു എം.പി.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് യോജന പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖകൾ പ്രകാരം 500 മീറ്ററിൽ മുതൽ ദൂരമുള്ള റോഡുകൾ ഏറ്റെടുക്കാവുന്നതാണെന്നും അതനുസരിച്ച് പുതിയ പ്രൊപ്പോസലുകൾ തയ്യാറാക്കി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ബെംഗളൂരു- കൊച്ചി വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ തുടർ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ദിശ ചെയർമാൻ കൂടിയായ എം.പി നിർദേശിച്ചു. യോഗത്തിൽ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ജയ് പി.ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, പൊന്നാനി എം.പിയുടെ പ്രതിനിധി സലാം തുടങ്ങിയവർ പങ്കെടുത്തു.