
തിരുവോണം ബംബർ 2024 നറുക്കെടുപ്പും പൂജാ ബംബർ പ്രകാശനവും ഇന്ന്
ഇന്നലെ വൈകീട്ട് നാലുവരെ വിറ്റത് 72 ലക്ഷത്തോളം ടിക്കറ്റുകൾ
പാലക്കാട്: തിരുവോണ ബംബർ ഭാഗ്യവാൻ ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കേരള - തമിഴ്നാട് അതിർത്തിയായ വാളയാറിൽ ലോട്ടറിയെടുക്കാൻ വലിയ തിരക്ക്. കഴിഞ്ഞതവണ ബംബറടിച്ചത് വാളയാറിൽ നിന്നും തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കളെടുത്ത ടിക്കറ്റിനായിരുന്നു എന്നതും വിൽപന കൂടാൻ കാരണമാണ്. ബംബറിന് മികച്ച വിൽപ്പനയെന്ന് കച്ചവടക്കാരും ഭാഗ്യം കനിയുമെന്ന പ്രതീക്ഷയുമായി ഭാഗ്യാന്വേഷികളും. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബംബർ പ്രകാശനവും ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കെ ഇന്നലെ വൈകീട്ട് നാലു മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബംബർ ജനങ്ങൾക്ക് മുമ്പിലുള്ളത്.
പൂജാ ബംബർ
12 കോടി രൂപയാണ് പൂജാ ബംബർ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബർ 4ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.
വിൽപ്പനയിൽ മുന്നിൽ പാലക്കാട് ജില്ല
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 1302680 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 946260 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 861000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വിൽപ്പന പുരോഗമിക്കുന്നു.